Join News @ Iritty Whats App Group

‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല’; ആംആദ്മിയുടെ ഡല്‍ഹി പരാജയത്തില്‍ കൈകഴുകി കോണ്‍ഗ്രസ്; തുടര്‍ച്ചയായി മൂന്നാം വട്ടവും മുത്തശ്ശി പാര്‍ട്ടി തലസ്ഥാനത്ത് വട്ടപൂജ്യം


ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. ശനിയാഴ്ച രാവിലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ തലസ്ഥാന നഗരിയില്‍ ആംആദ്മിയെ വീഴ്ത്തി ബിജെപി 27 വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാന നഗരത്തില്‍ തിരിച്ചുവന്നതോടെയാണ് ആപ്പിനെ ജയിപ്പിക്കല്‍ തങ്ങളുടെ ബാധ്യതയല്ലെന്ന് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഹാട്രിക് ഡക്കിലേക്ക് നീങ്ങുമ്പോഴാണ് ആപ്പിന്റെ പരാജയത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ രണ്ട് തട്ടിയലായ ഇന്ത്യ സഖ്യ പാര്‍ട്ടിയുടെ പ്രതികരണം.

കോണ്‍ഗ്രസ് കുറച്ച് നേരം ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും അതും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഡല്‍ഹി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. സംപൂജ്യരായി നില്‍ക്കുന്ന കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുമ്പോഴാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ആപ്പിന്റെ തോല്‍വിയെ തങ്ങളുമായി കൂട്ടിക്കെട്ടേണ്ടെന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ഇന്ത്യ മുന്നണിയില്‍ ഇരു പാര്‍ട്ടികളുടേയും തമ്മില്‍ തല്ലില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാന സഖ്യകക്ഷികളായ സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം ആപ്പിനൊപ്പം നിന്ന് കോണ്‍ഗ്രസിനെ കൈവിടുകയും ചെയ്തിരുന്നു. സീറ്റ് വീതം വെപ്പില്‍ ഇരു പാര്‍ട്ടികളും പിടിച്ച കടുംപിടുത്തമാണ് ഡല്‍ഹിയില്‍ ബിജെപിയ്ക്ക് മുതല്‍കൂട്ടായതെന്ന വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് എഎപിയെ വിജയിപ്പിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്ന് വക്താവിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകള്‍ ഇനിയും തേടുമെന്നും അവയില്‍ ജയിക്കാന്‍ ശ്രമിക്കുമെന്നും സുപ്രിയ പറഞ്ഞു. ഒപ്പം 15 വര്‍ഷം തങ്ങളുടെ സര്‍ക്കാര്‍ തുടര്‍ച്ചയായി ഭരിച്ച സ്ഥലമാണ് ഡല്‍ഹിയെന്നും സുപ്രിയ ഓര്‍മ്മിപ്പിച്ചു.

ഞങ്ങളുടെ ഉത്തരവാദിത്തം ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കുകയല്ല. ഞങ്ങളുടെ ഉത്തരവാദിത്തം ആവേശകരമായ പ്രചാരണം നടത്തുകയും ഈ തിരഞ്ഞെടുപ്പില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തിരഞ്ഞെടുപ്പിലാണെങ്കിലും ഞങ്ങള്‍ക്ക് കഴിയുന്നത്ര ശക്തമായി മത്സരിക്കുക എന്നതുമാണ്.\

അരവിന്ദ് കെജ്‌രിവാളിന്റെ ലോജിക്കനുസരിച്ച് അരവിന്ദ് കെജ്രിവാള്‍ ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയപ്പോള്‍ ഗോവയിലും ഉത്തരാഖണ്ഡിലും തങ്ങളും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസമാണ് എഎപിക്ക് ലഭിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group