തൃശൂർ ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ്ങിൽ നടന്നത് 250 കോടി രൂപയുടെ തട്ടിപ്പെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിന് പിന്നിൽ കള്ളപ്പണ ഇടപാടുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഉടമകൾ ഇടപാടുകാരോട് കള്ളപ്പണം വരുന്നതായി വെളിപ്പെടുത്തിയെന്ന വിവരം പുറത്ത് വന്നു. ഉടമയായ സുബിൻ, ഇടപാടുകാരനോട് കള്ളപ്പണത്തെ കുറിച്ച് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നത്. ”പണം വരുന്നുണ്ട്. ഒരാഴ്ചക്കുള്ളിൽ എത്തിക്കാനാകും. പരിശോധന നടക്കുന്നതിനാൽ ശ്രദ്ധിച്ച് മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നാണ്” സുബിൻ ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ട്രേഡിങ് എന്നതായിരുന്നു സ്ഥാപനം മുന്നോട്ടുവച്ച ആശയം. സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന പ്രതികളായ ബിബിൻ ബാബു, ഭാര്യ ജൈത വിജയൻ, ബിബിന്റെ സഹോദരൻ സുബിൻ എന്നിവരെ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.
ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവച്ച് നിക്ഷേപകരെ ആകർഷിക്കുക എന്ന തന്ത്രമാണ് ഉടമകൾ സ്വീകരിച്ചത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായി എത്തിയ പ്രവാസികളാണ് പണം നഷ്ടപ്പെട്ടവർ. പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 മുതൽ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു ബില്യൺ ബീസ് തട്ടിപ്പ്.
ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ് സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ പോലീസിന് ലഭിച്ചു. 32 പേരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ സ്ഥാപന ഉടമകൾ ഒളിവിൽ പോയി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിൻ കെ ബാബു, ഭാര്യ ജയ്ത വിജയൻ, സഹോദരൻ സുബിൻ കെ ബാബു, ലിബിൻ എന്നിവരുടെ പേരിൽ പൊലീസ് നാലുകേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് ബിബിൻ കെ ബാബുവും സഹോദരങ്ങളും ഒളിവിൽ പോയത്.
കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകർക്ക് പണം നൽകുമെന്നും ഉറപ്പു പറഞ്ഞിരുന്ന ഉടമകൾ തെളിവായി ബിബിൻ, ജെയ്ത, സുബിൻ, ലിബിൻ എന്നിവർ ഒപ്പുവച്ച ചെക്കും നിക്ഷേപകർക്ക് നൽകിയിരുന്നു. ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകർ പണം തിരികെ ചോദിച്ചു എത്തിയപ്പോൾ പക്ഷേ ബില്യൻ ബീസ് ഉടമകൾ ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിലേക്ക് പരാതി എത്തിയത്. കേസാകുമെന്ന് കണ്ടതോടെ ഉടമകൾ ദുബായിലേക്ക് കടന്നെന്നും പരാതിക്കാർ പറയുന്നു.
Post a Comment