പാനൂർ: ചെണ്ടയാട് നിള്ളങ്ങലിലെ കുന്നോത്തുപറമ്ബ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് മാറിനല്‍കിയതിനെ തുടർന്ന് മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍.
ബുധനാഴ്ചയാണ് സംഭവം. പോളിയോ കുത്തിവെപ്പ് എടുക്കാനെത്തിയ മൂന്ന് മാസം പ്രായമുള്ള മൂന്ന് കുട്ടികളാണ് ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധ കാരണം ആശുപത്രിയിലായത്. പോളിയോ കുത്തിവെപ്പിനുശേഷം നല്‍കുന്ന മരുന്നാണ് മാറിനല്‍കിയത്. ഒമ്ബത് മാസം പ്രായമായ കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നാണ് ഈ കുട്ടികള്‍ക്ക് നല്‍കിയത്.
ഇത് കഴിച്ച കുട്ടികള്‍ക്ക് ശാരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെതുടർന്ന് കണ്ണൂരിലെയും തലശ്ശേരിയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെയുള്ള മെഡിക്കല്‍ ഓഫിസർ ദിവസങ്ങളായി അവധിയിലാണ്. പകരം മറ്റൊരാള്‍ക്ക് ചുമതലയും നല്‍കിയിട്ടില്ല. സംഭവം അറിഞ്ഞിട്ടും അവധിയിലായ മെഡിക്കല്‍ ഓഫിസർ സ്ഥലത്തെത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പുത്തൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിള്ളങ്ങലിലെ കുടുംബാരോഗ്യ കേന്ദ്രം ഉപരോധിച്ചു.
വീഴ്ച വരുത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പുത്തൂർ മണ്ഡലം പ്രസിഡന്റ് കെ.പി. വിജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തേജസ് മുകുന്ദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. എം.സി. അതുല്‍, ഭാസ്കരൻ വയലാണ്ടി, എ.പി. രാജു എന്നിവർ സംസാരിച്ചു. എം. ബാബു, സി.കെ. ചന്ദ്രൻ, സി. മനോജ്, സുനില്‍ ദത്ത്, എ.കെ. ബാബു തുടങ്ങിയവർ നേതൃത്വം നല്‍കി.
കുട്ടികളുടെ രക്ഷിതാക്കള്‍ ഡി.എം.ഒക്ക് പരാതി നല്‍കിയതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ഡി.എം.ഒയുടെ നിർദേശ പ്രകാരം പാനൂർ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസർ ഡോ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നിള്ളങ്ങലിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് അന്വേഷണം നടത്തി. പോളിയോ കുത്തിവെപ്പ് കഴിഞ്ഞ കുട്ടികള്‍ക്ക് സാധാരണ നല്‍കാറുള്ള പാരസെറ്റ മോളിന് പകരം വിറ്റാമിൻ എ സിറപ്പ് നല്‍കിയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ആരാണ് ഇത് കുട്ടികള്‍ക്ക് നല്‍കിയതെന്നതിനെക്കുറിച്ച് അന്വേഷിച്ച് വരുന്നതായി മെഡിക്കല്‍ ഓഫിസർ ഡോ. ദീക്ഷിത്ത് മാധ്യമത്തോട് പറഞ്ഞു. സംഭവത്തെ കുറിച്ച് സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post a Comment