ദില്ലി: ദില്ലി ബിജെപി ഭരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേ. ജാതി, മേഖല, പ്രായം എന്നിവ തിരിച്ചുള്ള സർവ്വേയിൽ ബിജെപിക്ക് മുൻതൂക്കമുണ്ടെന്നാണ് പ്രവചനം. സമുദായങ്ങളിൽ 48 ശതമാനവും 50 ശതമാനം പുരുഷന്മാരും, 46 ശതമാനം സ്ത്രീകളും ബിജെപിക്ക് ഒപ്പമാണെന്നും സർവ്വേയിൽ പറയുന്നു. 40 ശതമാനം പുരുഷന്മാരും, 44 ശതമാനം സ്ത്രീകളും എഎപിക്ക് ഒപ്പമാണെന്നും സർവ്വേ പ്രവചിക്കുന്നു. ഇന്നലെ പുറത്തുവന്ന ഒരു സർവ്വേ ഒഴികെ മറ്റെല്ലാ സർവ്വേകളിലും ബിജെപിക്ക് മുൻതൂക്കമാണ് പ്രവചിച്ചിരിക്കുന്നത്.
ദില്ലിയിൽ 3 ലോക്സഭാ മണ്ഡലങ്ങളിലുള്ള 30 നിയമസഭാ സീറ്റുകളിൽ 18 ഉം ബിജെപി വിജയിക്കും. എഎപിക്ക് 12 സീറ്റ് ലഭിക്കുമെന്നും കോൺഗ്രസിന് സീറ്റുകൾ ലഭിക്കില്ലെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആംആദ്മിപാർട്ടി രംഗത്തെത്തി. പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളിലും ബിജെപിക്കാണ് മുൻതൂക്കം. ഇത് എഎപി ക്യംപിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രവചനങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കം എന്ന വാദമാണ് എഎപി ഉയർത്തുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെ മാറ്റി നിർത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു. മസാജ് സെന്റററുകളും സ്പാകളും നടത്തുന്ന കമ്പനികളൊക്കെയാണ് ഇപ്പോൾ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതെന്നും, പ്രവചനങ്ങളുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാമെന്നും സഞ്ജയ് സിംഗ് എംപി പരിഹസിച്ചു.
എക്സിറ്റ് പോളുകൾ എഎപിയെ വിലകുറച്ചു കാണുകയാണെന്നും, കോൺഗ്രസ് 18 ശതമാനം വരെ വോട്ട് നേടുമെന്നും സന്ദീപ് ദീക്ഷിതും പ്രതികരിച്ചു. കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. അതിനിടെ ദില്ലിയിൽ ബിജെപിക്ക് സാധ്യത പ്രവചിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യത്തിലെ സമാജ്വാദി പാർട്ടി രംഗത്തെത്തി. മമത ബാനർജിയോ ഡിഎംകെയോ സഖ്യത്തെ നയിക്കുകയാണെങ്കിൽ മെച്ചപ്പെട്ട ഫലമുണ്ടാകുെന്ന് എസ്പി എംപിയും അഖിലേഷ് യാദവിന്റെ പിതൃസഹോദരനുമായ രാം ഗോപാൽ യാദവാണ് പറഞ്ഞത്. ഹരിയാനയിലും ബിഹാറിലും കോൺഗ്രസിന്റെ കടുംപിടുത്തമാണ് പരാജയത്തിന് കാരണമെന്നും, സഖ്യകക്ഷി നേതാക്കളോട് പോലും കോൺഗ്രസ് നേതൃത്വം സംസാരിക്കുന്നില്ലെന്നും എസ്പി എംപി കുറ്റപ്പെടുത്തി.
Post a Comment