ജയ്പൂര്‍: നിയമസഭാ മന്ദിരത്തിന്റെ നടുത്തളത്തില്‍ രാത്രി ചെലവഴിച്ച് രാജസ്ഥാന്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാര്‍. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാത്രി മുഴുവന്‍ സഭയിലുറങ്ങിയത്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ ഉപനേതാവുമായ ഗോവിന്ദ് സിംഗ് ദോതസ്ര, രാംകേഷ് മീണ, അമിന്‍ കാഗ്‌സി, സക്കീര്‍ ഹുസൈന്‍ ഗെസാവത്, ഹക്കീം അലി ഖാന്‍, സഞ്ജയ് കുമാര്‍ ജാതവ് എന്നിവരും പാര്‍ട്ടി സഹപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ഹോസ്റ്റലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെ ഒരു മന്ത്രിയുടെ പരാമര്‍ശത്തെച്ചൊല്ലി രാജസ്ഥാന്‍ നിയമസഭ വെള്ളിയാഴ്ച ശബ്ദമുഖരിതമായിരുന്നു. ഇത് സഭ മൂന്ന് തവണ നിര്‍ത്തിവയ്ക്കുന്നതിനും ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങള്‍ സസ്്പെന്‍ഡ് ചെയ്യുന്നതിനും കാരണമായി.
ചോദ്യോത്തര വേളയില്‍ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി അവിനാഷ് ഗെഹ്ലോട്ട് പ്രതിപക്ഷത്തെ ചൂണ്ടിക്കാണിച്ചു, '2023-24 ബജറ്റിലും, എല്ലായ്പ്പോഴും എന്നപോലെ, നിങ്ങള്‍ പദ്ധതിക്ക് നിങ്ങളുടെ 'ദാദി' ഇന്ദിരാഗാന്ധിയുടെ പേര് നല്‍കി.' പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി മന്ത്രിയുടെ പരാമര്‍ശത്തെ ശക്തമായി എതിര്‍ക്കുകയും 'അനുചിതമായ വാക്ക്' രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് നീങ്ങി.
അതേസമയം, 'ദാദി' എന്ന വാക്കില്‍ സഭയ്ക്ക് നിരക്കാത്തതോ അനുചിതമായതോ ആയ ഒന്നുമില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ജോഗറാം പട്ടേല്‍ പറഞ്ഞു. സഭ ആദ്യം അരമണിക്കൂറും പിന്നീട് ഉച്ചയ്ക്ക് 2 വരെയും വീണ്ടും 4 വരെയും നിര്‍ത്തിവച്ചു. വൈകിട്ട് നാലിന് സഭാ നടപടികള്‍ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷം അതിരു കടന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് ജോഗേശ്വര്‍ ഗാര്‍ഗ് പറഞ്ഞു.
മന്ത്രി അപമര്യാദയായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്ന നിലപാടാണ് ബിജെപിയുടേതെന്നും ജൂലി പിന്നീട് പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ദിരാഗാന്ധിയെക്കുറിച്ച് മന്ത്രി ശ്രീ അവിനാഷ് ഗെലോട്ട് അപമര്യാദയായി പരാമര്‍ശം നടത്തി. എന്നാല്‍ ഞങ്ങളുടെ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. ഇത് കാണിക്കുന്നത് ഏകാധിപത്യ മനോഭാവത്തോടെ പ്രവര്‍ത്തിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നാണെന്ന് ജൂലി എക്സില്‍ ഹിന്ദിയില്‍ എഴുതി.
Post a Comment