ശശി തരൂർ എംപിയുടെ ലേഖനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. വ്യവസായങ്ങളെ വെള്ള പുതച്ചവർക്ക് ശുദ്ധിപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസാ അവാർഡ് നൽകുന്നതുപോലെയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ കുരുതി കൊടുക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അതേസമയം വെളുപ്പാൻകാല മുതൽ വെള്ളം കോരി സന്ധ്യയ്ക്ക് കുടം ഉടയ്ക്കുന്ന രീതി പരിഹാസ്യമാണെന്ന് വീക്ഷണത്തിന്റെ മുഖപത്രത്തിൽ പറയുന്നു.
എൽഡിഎഫിനെതിരെ പോരാടുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമാണെന്നും മുഖപത്രത്തിൽ പറയുന്നു. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് സിപിഐഎമ്മെന്ന് വിമർശനം. വ്യവസായങ്ങളെ വെള്ള പുതച്ചവർക്ക് ശുദ്ധിപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസാ അവാർഡ് നൽകുന്നതുപോലെ. മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും നേട്ടങ്ങൾ പറഞ്ഞാണ് തരൂരിനെ വീക്ഷണം വിമർശിക്കുന്നത്. വെളുപ്പാൻകാല മുതൽ വെള്ളം കോരി സന്ധ്യയ്ക്ക് കുടം ഉടയ്ക്കുന്ന രീതി പരിഹാസ്യമാണെന്ന് വീക്ഷണത്തിന്റെ മുഖപത്രം.
കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിൻ്റെ ലേഖനത്തിൽ പറയുന്നത്.
ശശി തരൂരിൻ്റെ ലേഖനം വ്യവസായ മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ വികസന നേട്ടം എന്ന നിലയിൽ അവതരിപ്പിച്ചിരുന്നു. സിപിഐഎമ്മിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളും തരൂരിൻ്റെ ലേഖനം വ്യാപകമായി പ്രചരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂർ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞിരുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും വി ഡി സതീശൻ പ്രതികരിച്ചിരുന്നു. രമേശ് ചെന്നിത്തലയും ശശി തരൂരിൻ്റെ നിലപാട് തള്ളി രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും നല്ലത് കണ്ടാൽ നല്ലതാണെന്ന് തന്നെ പറയുമെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു.
Post a Comment