ദുബൈ: ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയത്തിന് ദുബൈയില്‍ സര്‍ക്കാരിന്‍റെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍. റഷ്യന്‍ പ്രവാസി 'മജ്‍ലിസ്' എന്ന പേരിൽ നിര്‍മ്മിച്ച ആല്‍ക്കഹോൾ ഇല്ലാത്ത പാനീയത്തിനാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
'മജ്‍ലിസ്' എന്ന പേരിൽ മിഡ്ടൗണ്‍ ഫാക്ടറിയാണ് പാനീയം നിര്‍മ്മിച്ചത്. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പാനീയത്തില്‍ ആല്‍ക്കഹോളിന്‍റെ അംശം പോലുമില്ല. പുരാതന അറേബ്യന്‍ പെനിന്‍സുല പാനീയങ്ങളില്‍ നിന്ന് പ്രചോദനമുൾക്കൊണ്ട്, പാരമ്പര്യ രുചി നിലനിര്‍ത്തി തയ്യാറാക്കിയതാണ് മജ്‍ലിസ്. പ്രീമിയം അറേബ്യൻ ബിയറായ മജ്‍ലിസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇഗർ സെര്‍ഗുനിന്‍ എന്ന റഷ്യക്കാരനാണ്. മിഡ്ടൗണ്‍ ഫാക്ടറിയുടെ സിഇഒയാണ് അദ്ദേഹം. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ ഉല്‍പ്പന്നം തുടങ്ങിയത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യന്‍ പെനിന്‍സുലയില്‍ ഈ പാനീയം നിര്‍മ്മിച്ചിരുന്നതായും ദഹനത്തിന് സഹായിക്കുന്ന ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലെന്നും സെര്‍ഗുനിന്‍ പറഞ്ഞു. ഈ പാനീയം തയ്യാറാക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വേണ്ടി വേണം. ദീര്‍ഘ സമയത്തേക്ക് ഊര്‍ജ്ജസ്വലരായിരിക്കാനായി യാത്രക്കാര്‍ ഈ പാനീയം ഉപയോഗിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗത രീതിയിലാണ് മജ്‍ലിസ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാല്‍ ഉൽപ്പന്നം ഹലാല്‍ ആക്കുന്നതിനായി വേണ്ട മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മാൾട്ട്, വെള്ള, യീസ്റ്റ്, ഹോപ്സ് എന്നിവയാണ് ഇതിലെ ചേരുവകള്‍. ഇത് അവശ്യ വൈറ്റമിനുകളായ ബ1, ബ6, ബ15, സി, ഡി എന്നിവ പ്രദാനം ചെയ്യുന്നു. ശരിയായ ഉല്‍പ്പാദന രീതിയിലൂടെ, തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും ഹലാല്‍ ആണെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് സെർഗുനിനെ ഉദ്ധരിച്ചുള്ള 'ഖലീജ് ടൈംസി'ന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.
കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് മജ്‍ലിസിന് യുഎഇ അധികൃതരുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷൻ ലഭിച്ചത്. ഹലാല്‍ ആണെന്ന് ഉറപ്പാക്കിയാണ് മജ്‍ലിന്‍റെ ആദ്യം മുതല്‍ അവസാനം വരെയുള്ള ഉൽപ്പാദ പ്രക്രിയ. ഹലാല്‍ ആണെന്ന് സ്ഥിരീകരിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചാണ് ഇതിന്‍റെ നിര്‍മ്മാണം. കുട്ടികൾക്കായുള്ള പാനീയങ്ങള്‍ തിരയുന്നതിനിടെയാണ് മജ്‍ലിസിന്‍റെ ആശയം തന്‍റെ മനസ്സിലുദിച്ചതെന്ന് സെര്‍ഗുനിന്‍ പറയുന്നു. കുട്ടികള്‍ക്കായുള്ള പാനീയങ്ങള്‍ കൂടുതലും സംസ്കരിച്ചതും ആരോഗ്യത്തിന് നല്ലതും അല്ലെന്ന് മനസ്സിലായതോടെയാണ് എല്ലാവര്‍ക്കും കുടിക്കാവുന്ന ആരോഗ്യകരമായ പാനീയമെന്ന ആശയം തോന്നിയതെന്ന് സെര്‍ഗുനിന്‍ പറഞ്ഞു. ഇതിനായി ന്യൂട്രീഷ്യനിസ്റ്റുകളുടെ സഹായം തേടുകയും കൃത്യമായ ചേരുവകള്‍ മനസ്സിലാക്കുകയും ചെയ്തു. നീണ്ട സമയത്തേക്ക് ഊര്‍ജം നല്‍കുമെന്നതാണ് മജ്‍ലിന്‍റെ സവിശേഷതയായി ഇദ്ദേഹം പറയുന്നത്. ഒത്തുചേരല്‍ എന്ന ആശയമായ മജ്‍ലിസ് എന്ന പേര് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment