പല കാരണങ്ങൾ കൊണ്ടും ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ കലഹങ്ങളും പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. ചിലതെല്ലാം രൂക്ഷമാവുകയും പിന്നീട് വിവാഹമോചനത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ബിഹാറിൽ നിന്നുണ്ടായ ഒരു സംഭവം ഇതിനെല്ലാം അപ്പുറമായിരുന്നു. ഒടുവിൽ പൊലീസിനും ഇതിൽ ഇടപെടേണ്ടി വന്നു.
മുസാഫർപൂരിലെ കാസി മുഹമ്മദ്പൂർ പ്രദേശത്തു നിന്നുള്ള ഈ യുവതിയുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. പട്ന സ്വദേശിയായിരുന്നു വരൻ. വിവാഹസമയത്ത് യുവതിയുടെ പിതാവ് വരന് ഒരു ബൈക്ക് സമ്മാനമായി നൽകി. സമ്മാനമായി ബൈക്ക് നൽകിയത് മകളുടെ ഭർത്താവിനാണെങ്കിലും മകളുടെ പേരിലായിരുന്നു വാഹനം രജിസ്റ്റർ ചെയ്തത്.
എന്നാൽ, വിവാഹം കഴിഞ്ഞ് ഏകദേശം ഒന്നരമായസമായപ്പോൾ തന്നെ ദമ്പതികൾക്കിടയിൽ തർക്കങ്ങളുണ്ടായി തുടങ്ങി. അതോടെ യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു. വിവാഹമോചന നടപടികളിലേക്കും ഇത് നയിച്ചു.
എന്നാൽ, ഭർത്താവ് പിന്നീട് ചെയ്തത് വളരെ അവിശ്വസനീയമായ ചില കാര്യങ്ങളാണ്. യുവതിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബൈക്കുമായി ഇയാൾ പുറത്തു പോവുകയും മനപ്പൂർവം നിയമങ്ങൾ ലംഘിക്കുകയും ചെയ്ത് തുടങ്ങി. അതോടെ പിഴയൊടുക്കാനുള്ള അറിയിപ്പുകളും കിട്ടിത്തുടങ്ങി. പക്ഷേ, എല്ലാം യുവതിയുടെ പേരിലായിരുന്നു എന്ന് മാത്രം. കാരണം വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് അവരുടെ പേരിലാണല്ലോ?
ആദ്യമാദ്യം യുവതി പിഴയൊടുക്കി. എന്നാൽ, ഇത് നിയന്ത്രണമില്ലാതെ കൂടിവരികയാണ് എന്ന് കണ്ടതോടെ എന്തെങ്കിലും ചെയ്യണമെന്ന് യുവതി തീരുമാനിച്ചു. യുവതി ഭർത്താവിനെ വിളിച്ച് ബൈക്ക് തിരികെ തരണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ, വിവാഹമോചനം നടക്കാതെ ബൈക്ക് തരില്ല എന്നായിരുന്നു ഇയാളുടെ നിലപാട്. അതോടെ, യുവതി പട്ന പൊലീസിൽ പരാതി നൽകി. പിന്നീട്, പ്രദേശത്തെ മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് പരാതി മാറ്റി.
പിതാവിനൊപ്പം കാസി മുഹമ്മദ്പൂർ പൊലീസ് സ്‌റ്റേഷനിൽ എത്തിയ യുവതിയോട് പൊലീസ് ചോദിച്ചത് ബൈക്ക് ഇപ്പോഴും ഭർത്താവിന്റെ കൈവശമാണ് ഉള്ളതെന്ന് എങ്ങനെ തെളിയിക്കും എന്നാണ്. ഒടുവിൽ, ഭർത്താവാണ് വാഹനം ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ പൊലീസ് അവരോട് നിർദ്ദേശിച്ചു. അത് കേസിലെ തെളിവായി മാറുമെന്നും പൊലീസ് അറിയിക്കുകയായിരുന്നത്രെ.
Post a Comment