Join News @ Iritty Whats App Group

എൻഒസി ഹാജരാക്കാതെ ഗ്ലോബൽ സ്കൂൾ, നടപടി ഉറപ്പെന്ന് വി ശിവൻകുട്ടി; സമാനമായ റാഗിങ്ങ് അനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി മാതാപിതാക്കൾ

ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥി മിഹിർ അഹമ്മദിൻറെ ആത്മഹത്യ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റാഗിംഗ് സംബന്ധിച്ച പരാതി സ്കൂൾ അധികൃതർ നിഷേധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രവർത്തിക്കാനുള്ള എൻഒസി ഹാജരാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇത് ഇതുവരെ സ്കൂൾ അധികൃതർ ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സിബിഎസ്ഇ സ്കൂൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി ആവശ്യമാണ്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പ്രവേശന പരീക്ഷ, ഇൻറർവ്യൂ നടത്തുന്നത് ബാലാവകാശ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം സ്കൂളുകൾക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിൻറെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. സർക്കാരിൻറെ എൻഒസി വാങ്ങേണ്ട സ്കൂളുകൾ എല്ലാം ഉടൻ വാങ്ങണം. ഡിഇഒമാരോട് ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മിഹിർ അഹമ്മദിൻറെ ദൗർഭാഗ്യകരമായ മരണത്തിന് ശേഷം തങ്ങളുടെ കുട്ടികൾക്കും സ്‌കൂളിൽ വച്ച് സമാനമായ റാഗിങ്ങ് നേരിടേണ്ടി വന്നിട്ടുള്ളതായി വെളിപ്പെടുത്തി നിരവധി മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആത്മഹത്യയുടെ വക്കു വരെ എത്തിയ മകന്റെ പരാതി സ്‌കൂൾ അധികൃതർ അവഗണിച്ചതിനാൽ ടിസി വാങ്ങി കുട്ടിയെ മറ്റൊരു സ്‌കൂളിലേയ്ക്ക് ചേർക്കേണ്ടി വന്നതായും ഒരു രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഗ്ലോബൽ പബ്ലിക് സ്‌കൂളിന് എൻഒസി ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകൾ അടിയന്തരമായി സമർപ്പിക്കാൻ സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. കാംബ്രിഡ്ജ് ഇന്റർനാഷണൽ സിലബസ് പ്രകാരം സ്കൂൾ നടത്താനുള്ള എൻഒസി ഈ സ്‌കൂൾ ഹാജരാക്കിയിട്ടില്ല. ഈ വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി തുടർനടപടികൾ ദ്രുതഗതിയിൽ സ്വീകരിച്ച് വരുകയാണ്.

ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. എങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ എൻഒസി ആവശ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group