കൊച്ചി: 'ഇന്‍വെസ്റ്റ് കേരള ഗ്‌ളോബല്‍ സമ്മിറ്റി'ന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേന്ദ്ര-വിദേശ മന്ത്രിമാരുടെയും സാന്നിദ്ധ്യം ഉള്‍പ്പെടെ 3000 പേര്‍ പങ്കെടുക്കും. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്.
26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ ഉച്ചകോടിയില്‍ സന്നിഹിതരാകും. കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ സംഘാടകര്‍ കെഎസ്‌ഐഡിസിയാണ്. പരിപാടി രണ്ട് ദിവസം നീണ്ട് നില്‍ക്കും. ബോള്‍ഗാട്ടി ലുലു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയില്‍ സിംബാബ്വേ, ബഹ്‌റൈന്‍, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതലസംഘങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്‌റൈന്‍ വാണിജ്യ -വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോര്‍ട്‌സ് എംഡി കരണ്‍ അദാനി തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനപ്പെട്ടവര്‍. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായി പങ്കെടുക്കും.
ജര്‍മനി, വിയറ്റ്‌നാം, നോര്‍വേ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കാളികളാകും. ഷാര്‍ജ, അബുദാബി, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിയ്‌ക്കെത്തും. ഉച്ചകോടിയില്‍ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളാണ് പദ്ധതിയിട്ടിരിക്കുന്നത്.
Post a Comment