Join News @ Iritty Whats App Group

പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ, വന്യമൃഗ ആക്രമണത്തിൽ ആസ്തി നഷ്ടത്തിനും സഹായം

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്ത്, കഴിഞ്ഞ വര്‍ഷം മാര‍്ച്ച് ആറിന് ചേർന്ന മന്ത്രിസഭാ യോഗം മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. 

മാര്‍ച്ച് ഏഴിലെ ഗവൺമെന്റ് ഓര്‍ഡര്‍ പ്രകാരം മനുഷ്യ വന്യജീവി സംഘർഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകും. വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ / വളപ്പിലെ മതിൽ/ വേലികൾ/ ഉണക്കുന്ന അറകൾ/ എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ എസ് ഡി ആർ എഫിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു. 

വനം വകുപ്പിൽ സംസ്ഥാന തലത്തിലും ഡിവിഷൻ തലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും. ഇതിനായി 3 കോടി 72 ലക്ഷം രൂപക്കുള്ള നിർദ്ദേശം അംഗീകരിച്ചു. ഇത് ഒറ്റത്തവണ ഗ്രാൻഡാണ്. സംസ്ഥാന വനം എമർജൻസി ഓപ്പറേഷൻ സെന്റര്‍, ഡിവിഷണൽ വനം എമർജൻസി ഓപ്പറേഷൻ സെന്റര്‍ എന്നിവയുടെ പ്രവർത്തനച്ചെലവും വാർഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group