Join News @ Iritty Whats App Group

'ടെലിഫോൺ പോസ്റ്റ് പാളത്തിലിട്ടത് ജീവഹാനി വരുത്താൻ'; കുണ്ടറയിലേത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് എഫ്ഐആർ,അന്വേഷണം

കൊല്ലം: കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ചത് ട്രെയിൻ അട്ടിമറിക്കാനെന്ന് എഫ്ഐആർ. ട്രെയിൻ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തിൽ പോസ്റ്റ് കൊണ്ടിട്ടതെന്നും കുണ്ടറ പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതികളായ അരുണിനെയും രാജേഷിനെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

ഇരുവരെയും ഇന്ന് റിമാൻഡ് ചെയ്യും. കുണ്ടറ ആറുമുറിക്കടയിൽ റോഡിനോട് ചേർന്ന് ഉപയോഗ ശൂന്യമായി കിടന്ന ടെലിഫോൺ പോസ്റ്റ് ഇന്നലെ പുലർച്ചെയാണ് അരുണും രാജേഷും ചേർന്ന് സമീപത്തെ റെയിൽവേ പാളത്തിന് കുറുകെ കൊണ്ടിട്ടത്. പാളത്തിൽ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവ് കണ്ടതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

അറസ്റ്റിലായ പ്രതികളെ കേരള പൊലീസും എൻഐഎയും റെയിൽവേയുടെ മധുര ആർപിഎഫ് വിഭാഗവും ചോദ്യം ചെയ്തു. ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ, ഇത് പൊലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. ട്രെയിൻ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നാണ് കുണ്ടറ പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നത്.

ഇതുവഴി പോകുന്ന ട്രെയിൻ അട്ടിമറിച്ച് അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തിൽ പോസ്റ്റ് കൊണ്ടിട്ടതെന്നും പ്രാഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാളത്തിൽ നിന്നും ആദ്യം പോസ്റ്റ് നീക്കം ചെയ്തതിന് ശേഷം വീണ്ടും മറ്റൊരിടത്ത് പ്രതികൾ പോസ്റ്റ് കൊണ്ടിട്ടെന്നാണ് കുണ്ടറ പൊലീസ് സംശയിക്കുന്നത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പാളത്തിൽ പോസ്റ്റ് വെച്ച രീതി ഇരുവരും വിവരിച്ചു. പ്രതികളുടെ ഉദ്ദേശം സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം തുടരും. പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ആരോപണം ഉയർന്നിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് കുണ്ടറ സ്വദേശികളായ അരുണും രാജേഷും.

Post a Comment

Previous Post Next Post
Join Our Whats App Group