Join News @ Iritty Whats App Group

ക്ഷേത്രോല്‍സവങ്ങളില്‍ നാട്ടാനകളെ എഴുന്നള്ളിക്കല്‍: റവന്യൂ, ദേവസ്വം വകുപ്പുകള്‍ക്കു വ്യത്യസ്‌ത താല്‍പര്യങ്ങളെന്ന്‌ വനംവകുപ്പ്‌



വനംവകുപ്പിനു മാത്രമായി മറുപടി നല്‍കാന്‍ കഴിയില്ല. റവന്യൂ വകുപ്പിനു പൊതുജനതാല്‍പര്യമാണു പ്രധാനം. വനംവകുപ്പിനു വന്യജീവി താല്‍പര്യം. ദേവസ്വംവകുപ്പാകട്ടെ, ആചാരാനുഷ്‌ഠാനങ്ങള്‍ക്കാണു പ്രാധന്യം നല്‍കുന്നത്‌.


കൊച്ചി: ക്ഷേത്രോല്‍സവങ്ങളില്‍ നാട്ടാനകളെ എഴുന്നള്ളിക്കലുമായി ബന്ധപ്പെട്ടുള്ള കേസില്‍ മറുപടി നല്‍കുന്ന കാര്യത്തില്‍ വിവിധ വകുപ്പുകള്‍ക്കു പല താല്‍പര്യങ്ങളെന്നു വനംവകുപ്പ്‌ സര്‍ക്കാരിനെ അറിയിച്ചു.
തങ്ങളാണു കോടതിയില്‍ മറുപടി നല്‍കേണ്ടതെങ്കിലും ദേവസ്വം, റവന്യൂ വകുപ്പുകളുടെ നിലപാട്‌ വ്യത്യസ്‌തമാണെന്നു വനംവകുപ്പ്‌ പറയുന്നു. അതിനാല്‍, വനംവകുപ്പിനു മാത്രമായി മറുപടി നല്‍കാന്‍ കഴിയില്ല. റവന്യൂ വകുപ്പിനു പൊതുജനതാല്‍പര്യമാണു പ്രധാനം. വനംവകുപ്പിനു വന്യജീവി താല്‍പര്യം. ദേവസ്വംവകുപ്പാകട്ടെ, ആചാരാനുഷ്‌ഠാനങ്ങള്‍ക്കാണു പ്രാധന്യം നല്‍കുന്നത്‌.
അതിനാല്‍, സുപ്രീംകോടതിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ചോദിക്കണമെന്നാണു വനംവകുപ്പിന്റെ ആവശ്യം. ഉല്‍സവ സീസണ്‍ അടുത്തെത്തിയതോടെ സുപ്രീംകോടതി ഉത്തരവു വന്നാല്‍, സംസ്‌ഥാനത്തെ എല്ലാ ക്ഷേത്രോല്‍സവങ്ങളേയും ബാധിക്കും. തിരുവമ്പാടി ദേവസ്വം നല്‍കിയ ഹര്‍ജിയില്‍ ഫോറസ്‌റ്റ് ആന്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ സി.സി.എഫിനെയാണു കേസില്‍ കക്ഷിയാക്കിയിട്ടുള്ളത്‌. അതിനാല്‍, മറുപടി നല്‍കേണ്ടതു വനംവകുപ്പിന്റെ ബാധ്യതയാണ്‌. എന്നാല്‍, മറ്റു വകുപ്പുകള്‍ സഹായിക്കുന്നില്ലെന്നും വനംവകുപ്പ്‌ ചൂണ്ടിക്കാട്ടുന്നു.

നാട്ടാനകളെ കൊണ്ടുവരുന്നത്‌
തടഞ്ഞതിന്‌ സ്‌റ്റേ

അതേസമയം, മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു നാട്ടാനകളെ കൊണ്ടുവരുന്നതു തടഞ്ഞ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നല്‍കരുതെന്നു സംസ്‌ഥാന ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‌ ഹൈക്കോടതി നല്‍കിയ നിര്‍ദേശമാണു സുപ്രീംകോടതി സ്‌റ്റേ ചെയ്‌തത്‌. ജസ്‌റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ്‌ ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഉത്തരവിട്ടത്‌. മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നല്‍കിയ ഹര്‍ജി പരിഗണിച്ചാണു നടപടി. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും മറ്റു കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു.


ത്രിപുരയില്‍നിന്നു 13 വയസുള്ള നാട്ടാനയായ രാജ്‌ കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലേക്കു കൊണ്ടുവരാന്‍ നല്‍കിയ അനുമതിയാണു ഹൈക്കോടതി തടഞ്ഞത്‌. എന്നാല്‍ കേസിലെ എല്ലാ കക്ഷികളെയും കേള്‍ക്കാതെ എങ്ങനെയാണു ഹൈകോടതിക്കു സ്‌റ്റേ നല്‍കാന്‍ കഴിയുകയെന്നു സുപ്രീംകോടതി ആരാഞ്ഞു. 2018-24 നുമിടയില്‍ കേരളത്തില്‍ ചരിഞ്ഞതു 154 നാട്ടാനകളാണെന്നു ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വേണ്ടത്ര ചികിത്സയും പരിപാലനവും ലഭിക്കാത്തതിനാലാണു പല നാട്ടാനകളും ചരിഞ്ഞതെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു. അതിനാലാണ്‌ അന്യസംസ്‌ഥാനങ്ങളില്‍നിന്ന്‌ ഇനി നാട്ടാനകളെ കേരളത്തിലേക്കു കൊണ്ടുവരാന്‍ അനുമതി നല്‍കരുതെന്നു ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‌ നിര്‍ദേശം നല്‍കിയത്‌.

Post a Comment

Previous Post Next Post
Join Our Whats App Group