Join News @ Iritty Whats App Group

ആറളം ഫാം കണ്ടത് ആദിവാസികളുടെ അതിശക്തമായ പ്രതിരോധം

ഇരിട്ടി : കൊന്നും കൊലവിളിച്ചും അക്രമാസക്‌തമായ കാട്ടാനകൾ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആറളം ഫാമിൽ മാത്രം ചവിട്ടിയരച്ചത് 12 ജീവനുകൾ. കഴിഞ്ഞ ദിവസം വെള്ളിയും ലീലയും കൂടി കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടതോടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ 11 പേരും മേഖലയിലെ താമസക്കാരായ ആദിവാസികൾ ആണ്. ഇന്ത്യയിൽ തന്നെ കണക്കെടുത്താൽ ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ ഇത്രയും പേർ കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടുന്നത് ഒരു സർവകാല റിക്കാർഡാണ്‌ എന്ന് പറയാം. അതിൽത്തന്നെ തൊണ്ണൂറ്റി ഒൻപതു ശതമാനവും ആദിവാസികൾ ആണെന്നത് ഗൗരവതരമെങ്കിലും അധികൃതരുടെ കണ്ണ് തുറക്കുന്നില്ല എന്നതും വിചിത്രമാണ്. ഈ അവഗണനയിൽ നിന്നും ഉടലെടുത്ത അതി ശക്തമായ പ്രതിരോധമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആദിവാസികളുടെ നേതൃത്വത്തിൽ ആറളം ഫാമിൽ കണ്ടത്. 


കാലം പഠിപ്പിച്ച പാഠം ഉൾക്കൊണ്ട് നിലനില്പ്പിനായുള്ള പോരാട്ടത്തിൽ കൊടിയുടെ നിറത്തിനോ രാഷ്ട്രീയത്തിനോ സ്ഥലമില്ലെന്ന പ്രഖ്യാപനമായിരുന്ന ആറളം ഫാമിൽ രണ്ട് ദിവസമായി നടന്ന ആദിവാസികളുടെ പ്രതിഷേധം . ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന വാർത്ത പരന്നതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും സംസ്ഥാന , ജില്ലാ പ്രദേശിക നേതാക്കളും സ്ഥലത്ത് എത്തിയെങ്കിലും എല്ലാ വരേയും സമദൂരത്തിൽ നിർത്തി ശരിയുടെ മാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു ഒറ്റക്കെട്ടായി ആറളം ഫാമിലെ ആദിവാസി സമൂഹം. ഒരു നേതാവിന്റെയും വാക്കിന് വിലകൊടുക്കാതെ അവരുടെ ആരുടെയും അകമ്പടിയില്ലാതെ നടന്ന പ്രതിഷേധം ശക്തമായ ഒരു പ്രക്ഷോഭത്തിന്റെ രൂപം കൈക്കൊണ്ടു. 




അത് മണിക്കൂറുകൾ വൈകിയാണെങ്കിലും ലക്ഷ്യത്തിലെത്തിക്കാനും ആദിവാസി സമൂഹത്തിനായി. എല്ലാ രാഷ്രീയക്കാരെയും ജനപ്രതിനിധികളെയും അകറ്റി നിർത്തി നടത്തിയ പ്രതിരോധ സമരം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 12 ജീവനുകൾ കൺ മുന്നിൽ പൊലിഞ്ഞിട്ടും ഇവർ തങ്ങളെ നിരവധി വാഗ്ദാനങ്ങൾ തന്ന് കുടിയിരുത്തിയ ആദിവാസികൾക്ക് നൽകിയ ഉറപ്പിൽ വിശ്വാസം നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമായി.   
പ്രതിരോധ സമരക്കാരുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ നൂറുകണക്കിന് പൊലീസുകാരെ അണിനിരത്തി മുന്നോട്ടു വന്നിട്ടും പിന്തിരിഞ്ഞോടുന്ന രാഷ്ട്രീയ നേതൃത്വത്തെയാണ് പിന്നീട് അവിടെ കാണാനായത്. 
   

ഒടുവിൽ ഫാമിൽ നിന്നും 10 കിലോമീറ്റർ അകലെ എടൂരിൽ സ്ഥിതിചെയ്യുന്ന ആറളം പഞ്ചായത്ത് ഓഫീസിൽ എത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ പ്രതിനിധികളുമായി ചർച്ചനടത്തി മടങ്ങാനൊരുങ്ങിയ വനം മന്ത്രിയെ ഫാമിലെ സംഭവസ്ഥലത്തെത്തിച്ച് തീരുമാനങ്ങൾ ഇവർക്ക് മുന്നിൽ പ്രഖ്യാപിക്കാനും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനും ഇവർക്കായി. ആദിവാസി സമൂഹത്തിനു മുന്നിൽ മന്ത്രിയെ നിർത്തി മന്ത്രിയുടെ മുഖത്തു നോക്കി ചോദ്യങ്ങൾ ചോദിക്കാൻ മുതിർന്ന വനിതകളും എല്ലാവരുടെയും കയ്യടി നേടി.

Post a Comment

Previous Post Next Post
Join Our Whats App Group