Join News @ Iritty Whats App Group

ആറളത്ത് ഹര്‍ത്താല്‍ തുടങ്ങി; സബ് കളക്ടറെയും എംഎല്‍എയെയും തടഞ്ഞുവെച്ചു; പൊലീസ് രക്ഷപ്പെടുത്തിയത് ബലം പ്രയോഗിച്ച്; കാട്ടാന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം

ആറളം ഫാമില്‍ ആദിവാസി ദമ്പതികള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ആറളം പഞ്ചായത്തിലാണ് ഹര്‍ത്താല്‍. വന്യജീവികളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം. ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് ശേഷം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ആറളം ഫാം സന്ദര്‍ശിക്കും.

ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.
പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് രാത്രി ചര്‍ച്ചയ്ക്ക് എത്തിയ സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, സണ്ണി ജോസഫ് എം.എല്‍.എ. എന്നിവരെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോലീസ് ബലമായി പ്രതിഷേധക്കാരെ മാറ്റി ഏറെ പണിപ്പെട്ടാണ് രാത്രി 11-ഓടെ ഇരുവരെയും ഇവിടെനിന്ന് ഇവരെ രക്ഷപ്പെടുത്തിയത്.

വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

സബ് കലക്ടര്‍ സ്ഥലത്തെത്തിയിട്ടും ആംബുലന്‍സ് കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന നാട്ടുകാര്‍ ഒടുവില്‍ പൊലീസ് നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് അയഞ്ഞത്. അതേസമയം, ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തിലും മന്ത്രി എ.കെ. ശശീന്ദ്രന്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം 3.00 നാണ് സര്‍വകക്ഷിയോഗം ചേരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group