Join News @ Iritty Whats App Group

രണ്ടാം ഭാര്യയും നാലാം ഭാര്യയും എഫ്ബി ഫ്രണ്ട്സ് ആയതോടെ സകല പദ്ധതിയും ചീറ്റി; വിവാഹ തട്ടിപ്പുവീരൻ അറസ്റ്റിൽ

കാസര്‍കോട്: വിവാഹ തട്ടിപ്പുവീരനെ ബലാത്സംഗക്കേസിൽ പത്തനംതിട്ട കോന്നി പൊലീസ് പിടികൂടി. തട്ടിപ്പിനിരയായ നാലമെത്തെ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫേസ്ബുക്ക് സുഹൃത്തുക്കളായതോടെയാണ് കാസർകോട് സ്വദേശി ദീപു ഫിലിപ്പിന്‍റെ തട്ടിപ്പു പുറത്തായത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നിയിലെ ഹോട്ടൽ ജീവനക്കാരനുമായ ദീപു ഫിലിപ്പാണ് അറസ്റ്റിലായത്. 36 കാരൻ ദീപു പത്ത് വർഷത്തിനിടെ നാല് കല്യാണം കഴിച്ചു.

അനാഥനെന്ന് പരിചയപ്പെടുത്തിയാണ് സ്ത്രീകളോട് സൗഹൃദം സ്ഥാപിക്കുന്നത്. വിവാഹം കഴിച്ചാൽ തനിക്കൊരു ജീവിതമാകുമെന്ന തന്ത്രമിറക്കും. അങ്ങനെ കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിനിയെ ആദ്യം വിവാഹം കഴിച്ചു. അവരുടെ പണവും സ്വർണ്ണവും കൈക്കലാക്കി രണ്ട് മക്കളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്കാണ് പീന്നീട് മുങ്ങിയത്.

എന്നാൽ അവരെയും ദീപു ഉപേക്ഷിച്ചു. തുടർന്ന് എറണാകുളം സ്വദേശിയായ യുവതിയുമായി അടുക്കകയും ഏറെക്കാലം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഇതിനിടെ, ആലപ്പുഴക്കാരിയുമായി ഫേബ്സുക്കിൽ സൗഹൃദമായി. വിവാഹമോചിതയായ ഇവരെ അർത്തുങ്കലിൽ വെച്ച് വിവാഹം ചെയ്തു. എന്നാൽ അതേ ഫേസ്ബുക്ക് തന്നെ ഒടുവിൽ തട്ടിപ്പുവീരനെ ചതിച്ചു. ദീപുവിന്‍റെ രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫേസ്ബുക്ക് സുഹൃത്തുക്കളായി.

തട്ടിപ്പുകാരനാണെന്നും ഇയാൾ മുങ്ങുമെന്നും രണ്ടാം ഭാര്യ മുന്നറിയിപ്പു നൽകി. അങ്ങനെയിരിക്കെ, മുൻപ് ഉണ്ടായൊരു വാഹന അപകടത്തിന്‍റെ ഇൻഷുറൻസ് തുക ദീപുവിന് കിട്ടി. ഇതോടെ നാലാം ഭാര്യയെയും ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമം തുടങ്ങി. ഇത് തിരിച്ചറിഞ്ഞ യുവതി കോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു. വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ലൈംഗീക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

Post a Comment

Previous Post Next Post
Join Our Whats App Group