ന്യൂഡല്‍ഹി: മാര്‍ച്ച് ആദ്യവാരത്തോടെ തന്നെ കെപിസിസി അധ്യക്ഷനും വിവിധ ജില്ലകളിലെ ഡിസിസി അദ്ധ്യക്ഷന്‍മാര്‍ക്കും മാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഹൈക്കമാന്റ് ഇക്കാര്യത്തില്‍ ഉറച്ച് തന്നെ നില്‍ക്കുകയാണെന്നും നാലു ജില്ലകള്‍ ഒഴിച്ചുള്ള ജില്ലാ അദ്ധ്യക്ഷന്‍മാര്‍ക്കും മാറ്റം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ നേതാക്കളെ കാര്യങ്ങള്‍ ബോധിപ്പിക്കും.
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുളള പ്രധാന നേതാക്കളുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം.
കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുത്തണമെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു ഹൈക്കമാന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കെ.സുധാകരനെ മാറ്റണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക്് വിനയാണെന്നും സമൂലമായ മാറ്റത്തിന്റെ ആവശ്യകതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എറണാകുളം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാര്‍ക്കും മാറ്റം വരേണ്ടതുണ്ട്. ഇത് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും. പുനഃസംഘടനയില്‍ ഉയര്‍ന്നുവന്നിട്ടുളള എതിര്‍പ്പുകള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല. അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ കുഴപ്പമില്ലെന്നും ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെന്നും കഴിഞ്ഞ ദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു.
Post a Comment