Join News @ Iritty Whats App Group

ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ, ബാങ്കിലെ ബാധ്യത വീട്ടാനെന്ന് പ്രതി

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആ​ദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിലാണ് പൊലീസ് പരിശോധന നടത്തിയത്.

ഹെൽമെറ്റും ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് ബാങ്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന് പിന്നാലെയാണ് പണം കവർന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിൽ എന്ന സൂചന ഇതോടെ പൊലീസിന് ലഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group