Join News @ Iritty Whats App Group

പത്താംക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം ; നാലുപേര്‍ അറസ്റ്റിലായി, ലഹരിമാഫിയയെന്ന് സംശയം


തിരുവനന്തപുരം: മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഇന്നലെ പിടികൂടിയ രണ്ടുപേര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. പിടിക്കപ്പെട്ടവരില്‍ ഒരാളായ ശ്രീജിത്തിന്റെ സുഹൃത്തുമായുള്ള അടുപ്പത്തിന്റെ പേരിലാണ് തട്ടികൊണ്ടുപോകല്‍ എന്നാണ് സൂചന.

അശ്വിന്‍ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടികൊണ്ടപോകലിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലെത്തിയ നാലംഗ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിയെ 10 മണിയോടെ ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലിലുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ട് പേരെ ഇന്നലെ തന്നെ പിടികൂടിയിരുന്നു.

ലഹരി സംഘമാണോ തട്ടികൊണ്ടുപോകലിന് പിന്നിലെന്ന സംശയത്തിലായിരുന്നു പൊലീസ്. കുട്ടിയെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എടുത്തവര്‍ അസഭ്യം പറഞ്ഞു. പൊലീസ് ഫോണില്‍ സംസാരിച്ചപ്പോഴും മറുതലയ്ക്കല്‍ നിന്നും ചീത്തവിളിച്ചു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ ഓഫാക്കി. തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിയെ പ്രതികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചിട്ടുണ്ട്.

മുന്‍പും വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ആറ്റിങ്ങലില്‍ വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group