Join News @ Iritty Whats App Group

ചതിരൂർ നീലായ് മേഖലയില്‍ ഇന്നലെ രാവിലെയും പുലിയുടെ അലർച്ച കേട്ടെന്ന്



രിട്ടി: ചതിരൂർ നീലായ് മേഖലയില്‍ ഇന്നലെ രാവിലെയും പുലിയുടെ അലർച്ച കേട്ടെന്ന് നാട്ടുകാർ. മേഖലയില്‍ പട്രോളിംഗ് നടത്തിവന്ന വനംവകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ആർആർ ടി സംഘം പുലിക്കായി തെരച്ചില്‍ നടത്തും. 

പുലി, കടുവ എന്നീ വന്യജീവികളുടെ ഇണചേരല്‍ കാലമായതിനാല്‍ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന ശബ്ദമാണിതെന്നാണ് വനംവകുപ്പുദ്യോഗസ്ഥർ പറയുന്നത്. പുലിഭീതി കാരണം വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. റബർ, കശുമാവ് തുടങ്ങിയവയുടെ വിളവെടുപ്പിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. 
അതിനിടെ, ചതിരൂർ നീലായ് പ്രദേശത്ത് ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.എസ്. ദീപ ഇന്നലെ സന്ദർശനം നടത്തി. ആശങ്ക വേണ്ടെന്നും ഭീതി ഒഴിയുന്നതുവരെ വനംവകുപ്പ് കൂടെയുണ്ടാകുമെന്നും മേഖലയിലെ ഹാങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്നും കണ്‍സർവേറ്റർ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

നബാർഡിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 ലക്ഷം രൂപ ചെലവില്‍ കെല്ലിന് നിർമാണ ചുമതല കൈമാറിയ പൊട്ടിച്ചപാറ മുതല്‍ നീലായി വരെയുള്ള സോളാർ തൂക്കുവേലിയുടെ നിർമാണം വേഗത്തിലാക്കാൻ ചീഫ് കണ്‍സർവേറ്റർ നിർദേശം നല്‍കി. 

നിലവില്‍ പ്രവർത്തനക്ഷമല്ലാത്ത ഒന്നര കിലോമീറ്റർ സോളാർവേലി ജനങ്ങളുടെ സഹായത്തോടെ കാട് വെട്ടിത്തെളിച്ച്‌ ചാർജ് ചെയ്യാനുള്ള പ്രവൃത്തി വനം വകുപ്പ് ഇന്നുതന്നെ ആരംഭിക്കും. നീലായി മുതല്‍ പരിപ്പുത്തോട് വരെ തൂക്കുവേലി ഇല്ലാത്ത ഭാഗത്ത് ഉടൻ എസ്റ്റിമേറ്റ് നടപടികള്‍ ആരംഭിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. 

ജനങ്ങളുടെ ആശങ്ക നിലനില്‍ക്കുന്നതുകൊണ്ട് നീലായി ക്യാമ്ബ് ഷെഡ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ബേസ് ക്യാമ്ബായി മാറ്റും. പുലിയെ ഉള്‍വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടികള്‍ തുടരും. പുലിയെ തുരത്താൻ കഴിഞ്ഞില്ലെങ്കില്‍ പുലിയെ പിടികൂടാനുള്ള പ്രത്യേകതരം കൂട് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ചർച്ചചെയ്ത് തീരുമാനിക്കും. 

കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, ആർആർടി ഡപ്യൂട്ടി റേഞ്ചർ ഷൈനികുമാർ, വെറ്ററിനറി ഡോ. ഏലിയാസ് റാവുത്തർ, കീഴ്പള്ളി റേഞ്ച് ഓഫിസർ പി. പ്രകാശൻഎന്നിവർക്കാണ് ബേസ് ക്യാമ്ബിന്‍റെ ചുമതല. ആദ്യം രൂപീകരിച്ച പഞ്ചായത്തംഗം ഉള്‍പ്പെടുന്ന ഏഴംഗ പ്രത്യേക നിരീക്ഷണ സമിതിയെ പുലിയെ തുരത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളുടെ പ്രത്യേക നിരീക്ഷണത്തിനായി നിയോഗിച്ചു. 

അസിസ്റ്റന്‍റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് രതീഷ്, ആറളം വന്യജീവി സങ്കേതം വാർഡൻ ജി. പ്രദീപ് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. പ്രസാദ്, ആർആർടി ഡപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തെ ജനങ്ങളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി. 

പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജേഷ്, വാർഡംഗം ഇ.സി. രാജു, കെ.ടി. ജോസ്, അജയൻ പായം, കെ.ബി. ഉത്തമൻ, പി.കെ. കുഞ്ഞുമൊയ്തീൻ. പുതുപ്പറമ്ബില്‍ തങ്കൻ, ചുണ്ടൻതടത്തില്‍ ബിനോയ്, ജെയ്സണ്‍ വടക്കേല്‍, ജോയി ചെരിയംകുന്നേല്‍ തുടങ്ങിയവർ പ്രശ്നങ്ങള്‍ വിശദീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group