Join News @ Iritty Whats App Group

3 ഡ്രസുകൾ, ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, റിയർ വ്യൂ മിറർ, നമ്പർ പ്ലേറ്റ്, വൻ തയ്യാറെടുപ്പ്; പിടിവീണത് ഒരു 'ഷൂ'വിൽ


തിരുവനന്തപുരം : ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ആശാരിക്കാട് സ്വദേശി റിജോ ആന്റണി നടത്തിയ കവർച്ചയുടേത് പൊലീസിനെ രണ്ട് ദിവസം വെള്ളം കുടിപ്പിച്ച പ്ലാനായിരുന്നു. അമിതമായ ആത്മവിശ്വാസമായിരുന്നു പിടിവീഴും വരെ റിജോയുടെ കൈമുതല്‍. പക്ഷേ എല്ലാ പ്ലാനും തെറ്റിച്ചത് ഒരു 'ഷൂ' ആണ്. 

കവർച്ചക്ക് ശേഷം മൂന്ന് ജോഡി ഡ്രസ് ആണ് വരുന്ന വഴിയിൽ റിജോ മാറ്റിയത്. മങ്കി ക്യാപ്പും അതിന് മുകളിൽ ഹെല്‍മറ്റും ഇട്ടു. വാഹനം തിരിച്ചറിയാതിരിക്കാൻ റിയർ വ്യൂ മിയ‍ർ ഇടക്ക് വെച്ച് മാറ്റി. പക്ഷേ എല്ലാ പ്ലാനുകളും പൊളിച്ച് ഒടുവില്‍ വീട്ടില്‍ കുടുംബ സംഗമം നടക്കുന്നതിനിടയില്‍ വീട് വളഞ്ഞ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

എന്‍ആർഐ ആയിരുന്നു റിജോ. കൊവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. കുവൈത്തില്‍ നഴ്സായ ഭാര്യ അയക്കുന്ന കാശുകൊണ്ട് നാട്ടില്‍ ഗംഭീര വീടും ആഡംബര ഗെറ്റപ്പില്‍ അടിച്ചുപൊളിച്ചുള്ള ജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു. ഭാര്യ അയച്ചതിൽ 49 ലക്ഷത്തോളം രൂപയാണ് അടിച്ച് പൊളിച്ചും കുടിച്ചും കളഞ്ഞത്. അടുത്ത് തന്നെ ഭാര്യ കുവൈത്തില്‍ നിന്നും വരുന്നുവെന്ന് പറഞ്ഞതോടെയാണ് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബാങ്ക് കവർച്ച റിജോ ആസൂത്രണം ചെയ്തത്. തനിക്ക് അക്കൗണ്ടുള്ള സ്വന്തം ബാങ്ക് തന്നെയാണ് പ്രതി മോഷണം നടത്താൻ തിരഞ്ഞെടുത്തത്. 


കവർച്ചാ പ്ലാൻ...

അക്കൗണ്ടുള്ള സ്വന്തം ബാങ്കായ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. ശേഷം ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി. അവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പർ തെരഞ്ഞെടുത്തു. ആ നമ്പർ വച്ച് സ്വന്തം സ്കൂട്ടറിന് ഒരു വ്യജ നമ്പർ പ്ലേറ്റ് അടിച്ചു. സിസിടിവിയില്‍ തപ്പുമ്പോൾ പെരുന്നാളിന് വന്ന ഈ നമ്പറുള്ള വണ്ടി തെരഞ്ഞ് പൊലീസ് പോകുമെന്നായിരുന്നു പ്ലാൻ. 

ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചു. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് ഡ്രസുകള്‍ തിരഞ്ഞെടുത്തു. സിസിടിവി തപ്പുമ്പോഴും മനസിലാകാതിരിക്കാനായിരുന്നു ഇത്. മോഷണം കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറിന് ഒരു ചെയ്ഞ്ച് തോന്നാല്‍ വേണ്ടി 500 മീറ്റർ പിന്നിട്ടപ്പോള്‍ സ്കൂട്ടറിന് റിയർ വ്യൂ മിററും ഫിറ്റ് ചെയ്തു. കവർച്ചയ്ക്കു ശേഷം ദേശീയ പാതയിലും സംസ്ഥാന പാതയില‍ുമുള്ള നിരീക്ഷണ ക്യാമറകൾ ഒഴിവാക്കി റിജോ വീട്ടിലെത്തി. 

പക്ഷേ മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നു. ഈ ഷൂസ് പൊലീസിന് പിടിവള്ളിയായി. മോഷണത്തിന് നാലു ദിവസം മുന്‍പ് തന്റെ എടിഎം കാർഡ് എക്സ്പെയർ ആയെന്നും പറഞ്ഞ് ബാങ്കിലെത്തി ഒരു ഷോ നടത്തിയതും റിജോയ്ക്ക് കുരുക്കായി. ബാങ്കില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് കയ്യില്‍ കിട്ടിയ 15 ലക്ഷവും എടുത്തത് കളഞ്ഞതോടെ ഇതിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ കൊള്ളക്കാരനല്ലെന്നും, കടം മൂത്ത ഏതോ മലയാളി ആണെന്ന് ഉറപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. ഒടുവില്‍ വഴിവെട്ടി പൊലീസ് കുടുംബസംഗമം നടന്നുകൊണ്ടിരുന്ന വീട് വളഞ്ഞ് വീട്ടിലക്ക് ഇരച്ചുകയറിയപ്പോഴാണ് പ്ലാനെല്ലാം പൊളിഞ്ഞത്.

Post a Comment

Previous Post Next Post
Join Our Whats App Group