Join News @ Iritty Whats App Group

കൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞു; 2 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു


കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്‍പെട്ട് മരിച്ചത്. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്.പിന്നീട് ആനകളെ തളച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ 5 പേരുടെ നില ഗുരുതരമാണ്.

മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിന്‍റെ അവസാന ദിവസമായിരുന്നു ഇന്ന്. ശീവേലി തൊഴാന്‍ നിന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉത്സവത്തിന്‍റെ അവസാന ദിവസമായത് കൊണ്ട് തന്നെ നിരവധി പേരാണ് ഇവിടെയെത്തിയിരുന്നത്. ആനയിടഞ്ഞതോടെ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ അതിനിടയില്‍പെട്ടാണ് ആളുകള്‍ക്ക് പരിക്കേറ്റിരിക്കുന്നത്. രണ്ടാനകളും വിരണ്ട് മുന്നോട്ട് ഓടിയതോടെ ആളുകള്‍ ചിതറിയോടി. ഗുരുതരമായി പരിക്കേറ്റ 5 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശൂപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group