തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ ബില്യന്‍ ബീസ് 250 കോടി രൂപ തട്ടിയെന്ന് പ്രാഥമിക വിലയിരുത്തല്‍. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പോലീസ് പറയുന്നത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതല്‍ ലാഭത്തില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാസികള്‍ ട്രേഡിങ് സ്ഥാപനമായ ബില്യന്‍ ബീസില്‍ നിക്ഷേപിച്ചതെന്നും പോലീസ് പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ട്രേഡിങ് എന്നതായിരുന്നു സ്ഥാപനം മുന്നോട്ടുവച്ച ആശയം.ന്യൂജെന്‍ ആശയങ്ങള്‍ മുന്നോട്ടുവച്ച് നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന തന്ത്രമാണ് ഉടമകള്‍ സ്വീകരിച്ചത്. സംസ്ഥാനത്തിനു പുറത്തേക്ക് കടന്ന പ്രതികളായ ബിബിന്‍ ബാബു, ഭാര്യ ജൈത വിജയന്‍, ബിബിന്റെ സഹോദരന്‍ സുബിന്‍ എന്നിവരെ കേരളത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.
10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ വര്‍ഷംതോറും 6 ലക്ഷം രൂപ ലാഭം കിട്ടുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 32 നിക്ഷേപകര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ 4 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 1.95 കോടി രൂപ നഷ്ടപ്പെട്ട ഏങ്ങണ്ടിയൂര്‍ സ്വദേശി ബിന്ദുവിന്റെ പരാതി ക്രൈം ബ്രാഞ്ചിനു കൈമാറി. തട്ടിപ്പിനിരയായ നൂറ്റമ്പതോളം പേര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന്, പരാതി നല്‍കിയവര്‍ പോലീസിനെ അറിയിച്ചു.
Post a Comment