മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനെന്ന് കരുതി എത്തിയത് ഫയർ സ്റ്റേഷനിൽ. മലപ്പുറത്താണ് സംഭവം. നാല് കിലോമീറ്ററോളം നടന്നാണ് കുട്ടി ഫയർ സ്റ്റേഷനിലെത്തിയത്. ഇന്ന് വൈകുന്നേരം മലപ്പുറം ഇരുമ്പൂഴിയിലാണ് സംഭവമുണ്ടായത്. അമ്മയുമായി ചെറിയ രീതിയിൽ വഴക്കുണ്ടായിരുന്നു. അമ്മക്കെതിരെ പരാതി കൊടുക്കുമെന്ന് കുട്ടി പറഞ്ഞിരുന്നു. കുറച്ച് നേരത്തിന് ശേഷം കുട്ടിയെ കാണാതിരുന്നപ്പോഴാണ് വീട്ടുകാർ അന്വേഷിച്ചത്.
ഈ സമയത്ത് ഇരുമ്പൂഴിയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ദൂരത്തുള്ള മലപ്പുറം ടൗണിലുള്ള ഫയർ സ്റ്റേഷനിൽ കുട്ടിയെത്തിയിരുന്നു. അമ്മക്കെതിരെ പരാതി നൽകാണ് പൊലീസ് സ്റ്റേഷനെന്ന് കരുതി കുട്ടി ഫയർ സ്റ്റേഷനിലെത്തിയത്. 4 കിലോമീറ്റർ നടന്നെത്തിയതിനാൽ കുട്ടി വളരെ അവശനായിരുന്നു. ഉദ്യോഗസ്ഥർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ചൈൽഡ് ഹെൽപ് ലൈനിൽ അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളെത്തി, അവർക്കൊപ്പം കുട്ടിയെ സുരക്ഷിതമായി മടക്കി അയച്ചിട്ടുണ്ട്.
Post a Comment