Join News @ Iritty Whats App Group

എട്ട് മാസത്തിന് ശേഷം അവര്‍ ഭൂമി തൊടുന്നു; സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്

കാലിഫോര്‍ണിയ: ഒടുവില്‍ ബഹിരാകാശത്ത് നിന്ന് പ്രതീക്ഷയുടെ പൊന്‍കിരണം, എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന തിയതി കുറിച്ചു. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാര്‍ച്ച് 19ന്, നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ ലാന്‍ഡ് ചെയ്യും. 

ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണ്‍ അഞ്ചിനാണ് വെറും 8 ദിവസത്തെ ദൗത്യത്തിനായി നാസയുടെ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം മടക്കയാത്ര പലകുറി മാറ്റിവെച്ചതിനെ തുടര്‍ന്ന് ഐഎസ്എസില്‍ എട്ട് മാസമായി കഴിയുകയാണ് സുനിതയും ബുച്ചും. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് മാര്‍ച്ച് 19ന് ഭൂമിയില്‍ മടങ്ങിയെത്തുമെന്ന് ബുച്ച് സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്‌സൂളിനാണ് ഇരുവരെയും ഭൂമിയില്‍ സുരക്ഷിതമായി മടക്കിയെത്തിക്കാനുള്ള ചുമതല. ഇതിനായി ക്രൂ-10 ദൗത്യസംഘവുമായി ഡ്രാഗണ്‍ ക്യാപ്സൂള്‍ മാര്‍ച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. 

ക്രൂ-10 ദൗത്യം
 
ആറ് മാസം നീണ്ട പുതിയ ദൗത്യത്തിനായി നാല് ബഹിരാകാശ യാത്രികരെയാണ് ക്രൂ-10 ദൗത്യത്തില്‍ നാസ അയക്കുന്നത്. നാസയുടെ ആന്‍ മക്ലൈന്‍, നിക്കോള്‍ എയേര്‍സ്, ജപ്പാന്‍ എയ്‌റോസ്പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ തക്കൂയ ഒനിഷി, റോസ്‌കോസ്‌മോസിന്‍റെ കിരില്‍ പെര്‍സോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക. ഇവര്‍ നിലയത്തിലെത്തിയുള്ള ഒരാഴ്ചക്കാലം ചുമതലകളുടെ കൈമാറ്റങ്ങള്‍ക്കുള്ള സമയമാണ്. നിലവില്‍ സ്പേസ് സ്റ്റേഷന്‍റെ കമാന്‍ഡറായ സുനിത വില്യംസ് ക്രൂ-10 ദൗത്യത്തില്‍ വരുന്ന പുതിയ കമാന്‍ഡര്‍ക്ക് ഐഎസ്എസിന്‍റെ ചുമതല കൈമാറും. ഇതിന് ശേഷമാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഡ്രാഗണ്‍ പേടകത്തില്‍ മാര്‍ച്ച് 19ന് ഭൂമിയിലേക്ക് അണ്‍ഡോക്ക് ചെയ്യുക.

Post a Comment

Previous Post Next Post
Join Our Whats App Group