Join News @ Iritty Whats App Group

കേരളത്തിൽ ഹാജിമാരുടെ പാസ്പോർട്ട് ഫെബ്രുവരി 18 വരെ സ്വീകരിക്കും; വിപുല സൗകര്യങ്ങൾ ഒരുക്കിയതായി ഹജ്ജ് കമ്മിറ്റി




കോഴിക്കോട്: കേരളത്തിലെ ഹാജിമാരുടെ ഒറിജിനൽ പാസ്പോർട്ട് ഫെബ്രുവരി 18 വരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അറിയിച്ചു. രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ചെയർമാൻ. 



കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫീസിലും പ്രവൃത്തി ദിവസങ്ങളിൽ പാസ്‌പോർട്ട് സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ കൊച്ചിയിലും കണ്ണൂരും ക്യാമ്പ് ചെയ്തു പാസ്പോർട്ടുകൾ സ്വീകരിക്കുന്നതിന് അവസരം ഒരുക്കും. ഇവിടങ്ങളിൽ പാസ്പോർട്ട്‌ ക്യാമ്പ് നടക്കുന്ന തീയതി ഹാജിമാരെ പിന്നീട് അറിയിക്കും. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലായി രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ്സുകൾ തുടർന്നുള്ള ദിവസങ്ങളിൽ ഘട്ടം ഘട്ടമായി നടക്കും. 



അതേ സമയം, ഫെബ്രുവരി 18-നകം പാസ്പോർട്ട് സമർപ്പിക്കുന്നത് പ്രവാസികൾക്ക് ബാധകമാകില്ലെന്നും ചെയർമാൻ പറഞ്ഞു. പ്രവാസികൾക്കു ഹജ്ജ് കമ്മിറ്റിയിൽ പ്രത്യേക അപേക്ഷ നൽകി തീയതി നീട്ടി വാങ്ങാവുന്നതാണ്. ആദ്യ പാസ്പോർട്ട് വള്ളിക്കുന്ന് മൂന്നിയൂർ സൗത്തിലെ അലി ഹാജിയിൽ നിന്ന് ചെയർമാൻ സ്വീകരിച്ചു. പരിശീലന ക്ലാസ് ഉദ്ഘാടനത്തിൽ അംഗം അഡ്വ. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. മെമ്പർമാരായ പി.ടി അക്ബർ, അസ്കർ കോറാട്, ശംസുദ്ദീൻ അരിഞ്ചിറ, അസി.സെക്രട്ടറി ജാഫർ കക്കൂത്ത്, ഓഫീസ് പ്രതിനിധി പി.കെ. അസ്സയിൻ, ബാപ്പു ഹാജി, യു. മുഹമ്മദ് റഊഫ്, കെ.പി നജീബ് എന്നിവർ പ്രസംഗിച്ചു. കെ.ടി അമാനുല്ല മാസ്റ്റർ ക്ലാസ് നയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group