Join News @ Iritty Whats App Group

ജീവഭയത്തോടെ മലയോരം ; എട്ടുവര്‍ഷം, ആനപ്പകയില്‍ മലയോരത്ത് പൊലിഞ്ഞത് 12 ജീവനുകള്‍ ; ആറളം ഫാമിനകത്ത് മാത്രം 40ലേറെ ആനകള്‍

ആറളം: കാട്ടാനക്കലിയില്‍ ഇനിയും ജീവന്‍ പൊലിയരുതെന്ന പ്രാര്‍ഥനയില്‍ മലയോരം. ഇന്നലെ വൈകിട്ട് ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടതോടെ ആറളം കടുത്ത ഭീതിയിലായി. ആറളം ഫാമിനകത്ത് മാത്രം 40ലേറെ ആനകളാണുള്ളത്. ഇവക്കുമുന്നില്‍ ജീവഭയത്തോടെ കഴിയുകയാണു മലയോരം.

രണ്ടു വര്‍ഷംമുമ്പ് കാട്ടാന ആക്രമണത്തില്‍ ജസ്റ്റിന്‍ തോമസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു മലയോരത്ത് രാത്രിയാത്രയിലും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നു. ആറളം പ്രദേശത്ത് ഭീതി മൂലം ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

ആനകളുടെ കടന്നുകയറ്റത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണാത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. എട്ടു വര്‍ഷത്തിനിടെ 12 പേരാണു കാട്ടാന ആക്രമണത്തില്‍ മേഖലയില്‍ കൊല്ലപ്പെട്ടത്. വന്യമൃഗ ആക്രമണം രൂക്ഷമായ ആറളം, ഉളിക്കല്‍, പയîാവൂര്‍, കാഞ്ഞിരക്കൊല്ലി തുടങ്ങിയ മലയോര മേഖലകളില്‍ ജീവിതത്തിനും മരണത്തിനുമിടയിലാണു പ്രദേശവാസികള്‍ കഴിഞ്ഞുപോകുന്നത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ആനമതില്‍ നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ ഏതുസമയത്തും ആക്രമണമുണ്ടാകാമെന്നതാണ് അവസ്ഥ. മലയോരത്തെ കര്‍ഷകരുടെയും ആദിവാസികളുടെയും പിന്നില്‍ നിഴല്‍പോലെ മരണം പതിയിരിപ്പുണ്ട്.

സുഹൃത്തിനെ വിമാനത്താവളത്തിലെത്തിച്ചു മടങ്ങുമ്പോഴാണു വിനോദന്‍ കാട്ടാനയുടെ മുന്നില്‍പെടുന്നത്. ബൈക്ക് ഉപേക്ഷിച്ച് ഓടാന്‍ തുടങ്ങുന്നതിനു മുന്നെ തുമ്പിക്കൈകൊണ്ടുള്ള ആദ്യ പ്രഹരം വീണു. വേദനയും മുറിവുകളുമായി ജീവിതം തള്ളിനീക്കുകയാണ് ഈ പ്രവാസി ഇപ്പോള്‍. ആറളം വന്യജീവി സങ്കേതത്തില്‍നിന്നിറങ്ങിയ കൊമ്പനാണു വിനോദന്റെ ജീവിതം തകര്‍ത്തതെങ്കില്‍ കര്‍ണാടക വനത്തില്‍ നിന്നെത്തിയ ആനയാണു രണ്ട് വര്‍ഷം മുമ്പ് വള്ളിത്തോട് സ്വദേശി ജസ്റ്റിന്റെ പ്രാണനെടുത്തത്.

2014 ഏപ്രിലില്‍ ചോമാനിയില്‍ മാധവി എന്ന ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് ഈ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായത്. പിന്നാലെ ബാലന്‍, അമ്മിണി എന്നിവരും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൈതച്ചക്ക കൃഷിയുടെ വാച്ചറായ എടപ്പുഴ സ്വദേശി റജി എബ്രഹാമും കാട്ടാന ആക്രമണത്തിന് ഇരയായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആറളം ഫാമിലെ പതിനേഴുകാരന്‍ വിബീഷ് കടയില്‍ പോയി മടങ്ങുമ്പോള്‍ കൊമ്പന്റെ മുമ്പില്‍ പെട്ടു.

നിലവിളി തൊണ്ടയില്‍നിന്നും പുറത്തുവരും മുമ്പെ ആന പതിനേഴുകാരന്റെ നെഞ്ചകം തകര്‍ത്തു. മാര്‍ച്ചില്‍ ആഗസ്തിയെന്ന കര്‍ഷകനെ കാട്ടാന കൊമ്പില്‍ കുരുക്കി. ഏപ്രിലില്‍ ജീവന്‍ പൊലിഞ്ഞത് ഫാമിലെ തൊഴിലാളിയായ ദന്തപാലന്‍ നാരായണന്റേത്. 2018 ഒക്‌ടോബറില്‍ ആറളത്തെ കുടിലില്‍ ഉറങ്ങുകയായിരുന്ന ദേവൂ കാര്യാത്തെന്ന ആദിവാസി വയോധികനെ ആന ചവിട്ടിക്കൊന്നു.

2017 ഫെബ്രുവരിയില്‍ ആദിവാസി മൂപ്പന്‍ ഗോപാലനായിരുന്നു ഇര. തുടര്‍ന്നു കേളകത്തെ ബിജുവും ആനക്കലിയില്‍ തീര്‍ന്നു. മരിച്ചതിലും അധികമാണ് ആക്രമണത്തില്‍ ജീവച്ഛവമായി മാറിയവരുടെ എണ്ണം.

Post a Comment

Previous Post Next Post
Join Our Whats App Group