Join News @ Iritty Whats App Group

മണവാളന്‍ മുതല്‍ ദശമൂലം ദാമു വരെ; നായകന്മാരേക്കാള്‍ ആഘോഷിക്കപ്പെട്ട ചിരിക്കഥാപാത്രങ്ങള്‍

കരിയറില്‍ ചെയ്യ 18 സിനിമകളിലും നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. കോമഡ‍ി ചിത്രങ്ങള്‍ പ്രേക്ഷകരുമായി കണക്റ്റ് ചെയ്യണമെങ്കില്‍ നായകന്‍ മാത്രം നന്നായതുകൊണ്ട് ആയില്ല. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളിലാണ് കോമഡി വര്‍ക്ക് ആവുന്നത്. ഇത് ഏറ്റവും നന്നായി അറിയുന്ന സംവിധായകനായിരുന്നു റാഫി. അതിനാല്‍ത്തന്നെ ഷാഫിക്കുവേണ്ടി റാഫി മെക്കാര്‍ട്ടിനും ബെന്നി പി നായരമ്പലവും ഉദയകൃഷ്ണയും സിബി കെ തോമസും അടക്കമുള്ളവര്‍ എഴുതിയ തിരക്കഥകളില്‍ അത്തരത്തിലുള്ള നിരവധി രസികന്‍ കഥാപാത്രങ്ങളും ഉണ്ടായിരുന്നു.

വെറുതെ ഒരു തവണ കണ്ട് ചിരിച്ച് മറക്കാന്‍ ഉള്ളവയായിരുന്നു ആ കഥാപാത്രങ്ങളൊന്നും തന്നെ. ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് ഏത് ടാസ്കും ഒറ്റയ്ക്ക് ഏറ്റെടുത്ത് എപ്പോഴും പരാജയപ്പെടാറുള്ള മിസ്റ്റര്‍ പോഞ്ഞിക്കരയെയും (കല്യാണരാമന്‍) നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന സ്രാങ്കിനെയും (മായാവി) ഭയം അനുഭവിച്ച് ചിരി വിതറിയ ദശമൂലം ദാമുവിനെയും (ചട്ടമ്പിനാട്) ഫൈനാന്‍ഷ്യറായ മണവാളനെയുമൊന്നും (പുലിവാല്‍ കല്യാണം) മലയാളി സിനിമ കാണുന്ന കാലത്തോളം മറക്കില്ല.

കാലം ചെന്നപ്പോള്‍ അതാത് സിനിമകളിലെ നായകന്മാരേക്കാള്‍ പ്രേക്ഷകര്‍ ആഘോഷിച്ചത് ഈ കഥാപാത്രങ്ങളെയാണെന്നതും കൗതുകകരം. സിനിമകളുടെ മൊത്തം കഥയേക്കാള്‍ എപ്പിസോഡ് സ്വഭാവത്തില്‍ സിറ്റ്വേഷനുകള്‍ അടര്‍ത്തിയെടുത്താലും, ചിരിക്കാന്‍ ആവോളമുണ്ടാവും എന്നതായിരുന്നു ഷാഫി അടക്കമുള്ള സംവിധായകരുടെ സിനിമകളിലെ പ്രത്യേകത. ഈ കഥാപാത്രങ്ങള്‍ക്കൊപ്പം സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ മലയാളി നിത്യജീവിതത്തില്‍ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തളരരുത് രാമന്‍കുട്ടീ എന്നും എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗം തന്നെയായി മാറി. ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി വിടവാങ്ങുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group