കണ്ണൂർ: കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനായുളള ഭൂമി ഏറ്റെടുക്കൽ നടപടി ഇഴയുന്നതോടെ പ്രതിസന്ധിയിലായി ഭൂവുടമകൾ. മട്ടന്നൂർ കീഴല്ലൂർ വില്ലേജിലെ ഇരുനൂറിലധികം കുടുംബങ്ങളാണ് എട്ട് വർഷമായി ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാതെ കുരുക്കിലായത്. സ്ഥലമേറ്റെടുപ്പിന് വേണ്ട ആയിരത്തിലധികം കോടി രൂപ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന് വകയിരുത്താനാകാത്തതാണ് തടസ്സം. ചികിത്സാവശ്യത്തിന് പോലും സ്വന്തം ഭൂമി ഉപയോഗിക്കാനാകാതെ ദുരിതത്തിലാണ് നാട്ടുകാർ.
തൊട്ടുപറക്കുന്ന വിമാനങ്ങൾക്ക് താഴെ. കണ്ണൂർ വിമാനത്താവളത്തിന്‍റെ അതിരിൽ, ഏറ്റെടുക്കാമെന്ന് സർക്കാർ വാക്കുകൊടുത്ത 245 ഏക്കറിൽ, ജീവിതം ഊരാക്കുടുക്കിലായ മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. മട്ടന്നൂർ കാനാട്, മരുന്നുമണം കെട്ടിനിൽക്കുന്ന വീട്ടിൽ, വൃക്കരോഗിയായ നസീറയ്ക്കരികിലിരുന്ന് അസ്കർ പറയുന്നു.
കയ്യിൽ ചാലോട് കാർഷിക വികസന ബാങ്കിൽ നിന്നുളള ജപ്തി നോട്ടീസുണ്ട്. ഭാര്യയുടെ ചികിത്സയ്ക്ക് ചെലവായ ലക്ഷങ്ങളുടെ കടം. ആകെയുളള മീൻ കച്ചവടം നിന്നുപോയപ്പോഴുണ്ടായ നഷ്ടം. അഞ്ച് സെന്‍റും വീടും വിറ്റ് വീട്ടാനും നികത്താനും നടക്കുന്നു അസ്കർ. പക്ഷേ വിൽക്കാനുള്ള അനുമതിയോ ഏറ്റെടുത്തതിന്റെ പണമോ ലഭിക്കുന്നില്ലെന്ന് പറയുന്നു അസ്കർ.
റൺവേ 4000 മീറ്ററാക്കാൻ, ഏറ്റെടുക്കാൻ 2018ൽ വിജ്ഞാപനമിറങ്ങിയ ഭൂമി അസ്കറിന്‍റേതും. സ്വന്തം മണ്ണ് തൊടാൻ വയ്യ. എട്ട് വർഷത്തെ പഴക്കമുണ്ട് പണം നൽകുമെന്ന സർക്കാരിന്റെ ഉറപ്പിന്. വിൽക്കാൻ അനുമതി തേടി കളക്ടറുൾപ്പെടെ പലരെ കണ്ടു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ, വികസനത്തിന്‍റെ പേരിൽ കുരുക്കിലായവരിൽ ഒരാളുടെ വാക്കുകളാണിത്.
Post a Comment