Join News @ Iritty Whats App Group

കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് മോചനം ; 14 വര്‍ഷം പൂര്‍ത്തിയായതിനാല്‍ ശിക്ഷ ഇളവ്


തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കാരണവര്‍വധക്കേസില്‍ പ്രതി ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനം. 14 വര്‍ഷം ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയായ സാഹചര്യത്തില്‍ മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. 2009 നവംബര്‍ 7 നായിരുന്നു ഭര്‍ത്തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌ക്കര കാരണവരെ ഷെറിന്‍ കൊലപ്പെടുത്തിയത്.

അമേരിക്കയില്‍ നിന്നും എത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഷെറിന് പുറമേ ബാസിത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂണ്‍ 11 നായിരുന്നു കേസില്‍ മാവേലിക്കര അതിവേഗ കോടതി ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന ഷെറിനെ പിന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കും അവിടെ നിന്ന് 2015 ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും പിന്നീട് തിരുവനന്തപുരം വനിതാജയിലിലേക്കും മാറ്റി.

ആറു വര്‍ഷത്തിനിടയില്‍ 22 തവണയായി 444 ദിവസത്തെ പരോളാണ് കിട്ടിയത്. 2012 നു മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കും ഇടയില്‍ 345 ദിവസത്തെ അസാധാരണ പരോളും 2017 ഒക്‌ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോളും ഇവര്‍ക്ക് കിട്ടിയിരുന്നു. തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലെ ആദ്യ പേരുകാരിയായിരുന്നു ഷെറിന്‍.

പുറത്തെന്ന പോലെ ജയിലിനുള്ളിലും ഷെറിന്‍ വിവാദനായികയായിരുന്നു. നെയ്യാറ്റിന്‍കര വനിതാ ജയിലില്‍ മൊബൈല്‍ ഉപ്യോഗിച്ചതിന്റെ പേരില്‍ വിവാദത്തിലായ ഷെറിനെ വിയ്യുര്‍ സെന്‍ട്രല്‍ ജയിലില്‍ ഡോക്ടര്‍ കുട അനുവദിച്ചതും ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ ഏറ്റവും കൂടുതല്‍ പരോള്‍ കിട്ടിയയാളും ഷെറിനായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group