Join News @ Iritty Whats App Group

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് അപകടം: 12 പേരെ രക്ഷപ്പെടുത്തി, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. ബുരാരി ഏരിയയില്‍ ഒസ്‌കാര്‍ പബ്ലിക് സ്‌കൂളിന് സമീപമുളള നാല് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. നിലവില്‍ 12 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

'ഒമ്പതോളം അഗ്‌നിശമന സേന യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണം', ഡല്‍ഹി ഫയര്‍ സര്‍വീസ് ചീഫ് അതുല്‍ ഖാര്‍ഗ് പറഞ്ഞു.

അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ എക്‌സില്‍ കുറിച്ചു. ബുരാരി എംഎല്‍എ സഞ്ജീവ് ഝാ പാര്‍ട്ടി പ്രവര്‍ത്തകരോട് ബുരാരിയിലേക്ക് രക്ഷപ്രവര്‍ത്തനത്തിന് പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group