ഡീപ് ഫേക്ക് വീഡിയോകൾ സൂക്ഷിക്കുക എന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ തെറ്റായി കാണിക്കുന്ന വ്യാജ വീഡിയോകളെക്കുറിച്ചാണ് എസ്ബിഐ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എസ്ബിഐയുടെ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ വമ്പൻ വരുമാനം നൽകുന്ന നിക്ഷേപ പദ്ധതികളെ പരിചയപ്പെടുത്തികൊണ്ടുള്ളതാണ്.
അതേസമയം ബാങ്കിനോ ഉദ്യോഗസ്ഥർക്കോ ഈ പദ്ധതികളുമായി ബന്ധമില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഈ വീഡിയോകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി എക്‌സിൽ ഒരു കുറിപ്പും എസ്ബിഐ പങ്കിട്ടിട്ടുണ്ട്
ALERT - PUBLIC CAUTION NOTICE pic.twitter.com/iIpTusWCKH
— State Bank of India (@TheOfficialSBI) December 16, 2024
എന്താണ് ഡീപ്ഫേക്ക് വീഡിയോകൾ?
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ വീഡിയോ ആണിത്. എന്നാൽ യാഥാർഥ്യത്തോട് വളരെ അടുത്ത് നിൽക്കുന്ന സാധാരണക്കാർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോ ആണിത്. ഈ വീഡിയോകൾക്ക് ഏത് വ്യക്തിയുടെ മുഖമോ ശബ്ദമോ ഉപയോഗിക്കാൻ കഴിയും. അവർ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ പറയുന്നതോ ചെയ്യുന്നതോ ആയ വീഡിയോ സൃഷ്ടിക്കാൻ സാധിക്കും.
എസ്ബിഐയോ അതിൻ്റെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥരോ അസാധാരണമോ ഉയർന്നതോ ആയ വരുമാനം വാഗ്ദാനം ചെയ്യുന്ന അത്തരം നിക്ഷേപ പദ്ധതികളൊന്നും അവതരിപ്പിച്ചിട്ടില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്
Post a Comment