ഗുവാഹത്തി: അസമില്‍ ബീഫ് നിരോധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതുചടങ്ങുകള്‍, മറ്റ് കമ്മ്യൂണിറ്റി ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂര്‍ണമായി നിരോധിച്ചതായി അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതികള്‍ അംഗീകരിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.
''അസമില്‍ ഒരു റെസ്റ്റോറന്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ഇത് അനുവദിക്കില്ലെന്നും ഞങ്ങള്‍ തീരുമാനിച്ചു. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് കഴിക്കുന്നത് നിര്‍ത്താനായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ അത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിറ്റിയിലോ പൊതു ഇടത്തിലോ ഹോട്ടലിലോ നിങ്ങള്‍ക്കിനി ബീഫ് കഴിക്കാന്‍ കഴിയില്ല'' മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ബീഫ് നിരോധന പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മന്ത്രി പിജൂഷ് ഹസാരിക രംഗത്തെത്തി. ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ താന്‍ അസം കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നു എന്നും അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോയി താമസിക്കണം എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് രേഖാമൂലം അഭ്യര്‍ത്ഥന നല്‍കിയാല്‍ അസമില്‍ ബീഫ് കഴിക്കുന്നത് നിരോധിക്കുന്നതിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മുസ്ലീം ഭൂരിപക്ഷമുള്ള സമഗുരി മണ്ഡലത്തില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പാക്കാന്‍ ബിജെപി ബീഫ് വിതരണം ചെയ്‌തെന്ന് ആരോപിച്ച് റാക്കിബുള്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടര്‍ച്ചയായി അഞ്ച് തവണ കോണ്‍ഗ്രസ് വിജയിച്ച മുസ്ലീം ആധിപത്യ മണ്ഡലമാണ് സമഗുരി.
എന്നാല്‍ ഇത്തവണ സമഗുരി കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. 'സമഗുരി 25 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമായിരുന്നു. സമഗുരി പോലൊരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് 27,000 വോട്ടിന് തോറ്റത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. ഇത് കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ സമ്പൂര്‍ണതയാണ്,' എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്.
അസമില്‍ ബീഫ് കഴിക്കുന്നത് നേരത്തെ നിയമവിരുദ്ധമായിരുന്നില്ല. എന്നാല്‍ 2021-ലെ അസം കന്നുകാലി സംരക്ഷണ നിയമം പ്രകാരം ഹിന്ദുക്കളും ജൈനരും സിഖുകാരും കൂടുതലുള്ള പ്രദേശങ്ങളിലും ഒരു ക്ഷേത്രത്തിന്റെയോ സത്രത്തിന്റെയോ (വൈഷ്ണവ ആശ്രമത്തിന്റെ) അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും കന്നുകാലി കശാപ്പും ഗോമാംസം വില്‍പ്പനയും നിരോധിച്ചിരുന്നു.
Post a Comment