Join News @ Iritty Whats App Group

‘ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം’; സന്ദീപ് വാര്യർക്കെതിരെ കൊലവിളിയുമായി യുവമോര്‍ച്ച


ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ക്കെതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്.

’30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി’യെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിച്ചത്. പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ‘ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തിൽ സന്ദീപ് പ്രതികരിച്ചു. ബിജെപിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താൻ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്ന് വ്യക്തമായെന്നും സന്ദീപ് പറഞ്ഞു. യഥാർത്ഥ ഒറ്റുകാരുള്ളത് ബിജെപി ഓഫീസിനുള്ളിലാണെന്നാണ് തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കോൺ​ഗ്രസിനോട് ചേർന്ന് മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group