Join News @ Iritty Whats App Group

അഭിഭാഷകന്‍ വഴി നിലപാട് അറിയിക്കണം; സംസ്ഥാന വഖഫ് ബോര്‍ഡിനു മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ കത്തയച്ചു


കൊച്ചി : മുനമ്പം ഭൂമിതര്‍ക്കത്തില്‍ നിലപാട് അറിയിക്കണമെന്നു വ്യക്തമാക്കി മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍, സംസ്ഥാന വഖഫ് ബോര്‍ഡിനു കത്തയച്ചു. അഭിഭാഷകന്‍ മുഖേന വേണം നിലപാട് അറിയിക്കേണ്ടതെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നു കമ്മിഷന്‍ മുമ്പാകെ അറിയിക്കാനുള്ള നിലപാട് ചര്‍ച്ചചെയ്തു തീരുമാനിക്കാനായി വഖഫ് ബോര്‍ഡ് അംഗങ്ങളുടെ യോഗം വൈകാതെ ചേരും.

മുനമ്പം ഭൂമിപ്രശ്‌നം കോടതി തീരുമാനിക്കണമെന്ന നിലപാട് കമ്മിഷനെ അറിയിച്ചേക്കും. വഖഫിന്റെ പ്രവര്‍ത്തനത്തിനു നിയമമുണ്ട്. അതനുസരിച്ചാണു മുന്നോട്ടു പോകുന്നത്. വഖഫ് ബോര്‍ഡ് അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ചു കോടതികളിലും ബോര്‍ഡിലുമെല്ലാം പരിശോധന നടക്കുകയാണ്. ആ പരിശോധനയുടെ അന്തിമഫലം എന്താണോ അതിനനുസരിച്ചാകും ബോര്‍ഡ് പ്രവര്‍ത്തിക്കുകയെന്നുമാണു ബോര്‍ഡിന്റെ നിലപാട്.

12 വീട്ടുകാര്‍ക്കാണു നിലവില്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇവര്‍ക്ക് അവരുടെ വാദം ഉന്നയിക്കാന്‍ അനുവാദമുണ്ട്. അവര്‍ക്കു രേഖകള്‍ ഹാജരാക്കാം. ബാക്കിയുള്ളവര്‍ക്കും അപേക്ഷകള്‍ നല്‍കാവുന്നതാണ്. കിട്ടിയ വിവരങ്ങള്‍ അനുസരിച്ചാണു 12 പേര്‍ക്കു നോട്ടീസ് നല്‍കിയിട്ടുള്ളത്.
2021 ലാണു നോട്ടീസ് നല്‍കിയത്. വില്ലേജില്‍ കരം അടയ്ക്കാനുള്ള തടസം വന്നപ്പോള്‍ സര്‍ക്കാരിനെ സമീപിക്കേണ്ടതിനുപകരം അവര്‍ സമരം തുടങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലും സുപ്രീംകോടതിയുലും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനകത്തു 1962 ല്‍ പറവൂര്‍ സബ്‌കോടതി മുതലുള്ള കേസുകളുണ്ട്. ആ കാലഘട്ടത്തില്‍ ഏതാണ്ട് ആറോ ഏഴോ കുടിയാന്മാര്‍ അവിടെ താമസിച്ചിരുന്നു.

1970 കളില്‍ തങ്ങളുടെ അവകാശം കോടതിയില്‍നിന്നു സ്ഥാപിച്ചു കിട്ടിയതാണെന്നും മുനമ്പം കമ്മിഷനെ അറിയിക്കുന്നതും യോഗം ചര്‍ച്ചചെയ്യും. 1950 ലെ വഖഫ് ആധാരത്തില്‍ വരുന്ന 400 ല്‍പരം ഭൂമിയാണിപ്പോള്‍ ചര്‍ച്ചയായിട്ടുള്ള വസ്തു. വഖഫ് ആയിക്കഴിഞ്ഞാല്‍, വഖഫ് ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ഇൗ വസ്തു സംരക്ഷിക്കാനുള്ള ചുമതലയാണു നിയമത്തില്‍ പറഞ്ഞിട്ടുള്ളത്. അതുപ്രകാരമുള്ള പ്രവൃത്തികളാണു വഖഫ് ചെയ്യുന്നത്. അതുപ്രകാരം ഏതെല്ലാം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു പരിശോധിച്ചിട്ടുള്ള നടപടികളാണു നടത്തുന്നതെന്നും കമ്മിഷനെ അറിയിക്കാനും ആലോചിക്കുന്നുണ്ട്.

വഖഫ് മുമ്പാകെ രജിസ്റ്റര്‍ ചെയ്തശേഷം, 1950 നുശേഷം ആരെങ്കിലും അതിനകത്തുണ്ടെങ്കില്‍ അവര്‍ക്കു നോട്ടീസ് അയക്കണം. 12 പേര്‍ക്കു നോട്ടീസ് അയച്ചിട്ട് അവരുടെ വാദം കേട്ടുകൊണ്ടിരിക്കുന്ന നടപടിയാണ് ഇപ്പോഴുള്ളത്. ആരെയും കുടിയൊഴിപ്പിക്കാനോ ഇല്ലാത്ത അവകാശം സ്ഥാപിക്കാനോ അല്ല ശ്രമിക്കുന്നത്. വഖഫ് സ്വത്താണെങ്കില്‍ ഉള്ള അവകാശം നോട്ടു ചെയ്യും. ഇല്ലാത്തതെങ്കില്‍ അത് അവകാശപ്പെട്ടവര്‍ക്കു കൊടുക്കും. ഒരിക്കലും സാമുദായിക സംഘര്‍ഷത്തിനോ മറ്റു വിഷയങ്ങള്‍ക്കോ അല്ല വഖഫ് ബോര്‍ഡ് നിലപാട് എടുത്തതെന്നും കമ്മിഷനെ അറിയിക്കുന്നതും ബോര്‍ഡ് ചര്‍ച്ച ചെയ്യും.

രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തുക. താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയാണു കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍. കമ്മിഷന്‍ മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group