ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കാര്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പൊതുദര്‍ശനം. ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രി 9.30 യോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായ അഞ്ചു പേര്‍ മരണമടഞ്ഞു. പാലക്കാട് സ്വദേശി ശ്രീദീപ്, മലപ്പുറം സ്വദേശി ദേവാനന്ദ്, ലക്ഷദീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, എന്നിവരാണ് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കളര്‍കോട് എസ്.ഡി. കോളജിനു സമീപം ചങ്ങനാശേരി ജങ്ഷനില്‍ ഇന്നലെ രാത്രി 9.35 നായിരുന്നു അപകടം. കായംകുളം രജിസ്‌ട്രേഷനിലുള്ള ടവേര കാറാണ് നിയന്ത്രണം വിട്ടു ബസില്‍ ഇടിച്ചത്. അപകട സ്ഥലത്തുതന്നെ ഒരാള്‍ മരിച്ചിരുന്നു. മൂന്നുപേര്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ മരണമടഞ്ഞു. പിന്നീട് ആശുപത്രിയിലെത്തിയ ശേഷമാണ് ഒരാള്‍ മരിച്ചത്. മഴവെള്ളം നിറഞ്ഞ റോഡില്‍ തെന്നി കാര്‍ നിയന്ത്രണം വിടുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് അമിത വേഗത്തിലായിരുന്നില്ല. കാറിന്റെ മധ്യഭാഗമാണ് ബസില്‍ ഇടിച്ചത്.
അപകടസമയം 10 വിദ്യാര്‍ഥികളായിരുന്നു കാറിലുണ്ടായിരുന്നതെന്നു പോലീസ് സ്ഥിരീകരിച്ചു. കാര്‍ ഓടിച്ചയാള്‍ക്കു സാരമായ പരുക്കില്ല. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. കാര്‍ വെട്ടിപ്പൊളിച്ചപ്പോള്‍ യുവാക്കളില്‍ പലരും രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. സാരമായി പരുക്കേറ്റ ഏഴു പേര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പലരും അപകടനില തരണം ചെയ്തിട്ടില്ല. എറണാകുളം ഭാഗത്തുനിന്നു പുനലൂര്‍ ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. കാര്‍ ആലപ്പുഴ ഭാഗത്തേക്കു വരികയായിരുന്നു. ബസ് യാത്രക്കാരില്‍ ആര്‍ക്കും സാരമായ പരുക്കില്ല.
Post a Comment