Join News @ Iritty Whats App Group

സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ട്: ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക്


തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിലെ സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിന് എതിരെ ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക്. അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് കെ സി ഉണ്ണിയുടെ അഭിഭാഷകന്‍ അഡ്വക്കേറ്റ് രാമന്‍ കര്‍ത്ത ആരോപിക്കുന്നത്. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ആയിരത്തോളം രേഖകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് രാമന്‍ കര്‍ത്ത വ്യക്തമാക്കി. പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ സി ഉണ്ണിയുടെ അഭിഭാഷകന്‍ അറിയിച്ചു.

ഡ്രൈവര്‍ അര്‍ജുന്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു സിബിഐയുടെ പുനരന്വേഷണം നടന്നത്.

ബാലഭാസ്‌കറിന്റേയും മകളുടേയും ജീവനെടുത്ത കാര്‍ അപകടം നടക്കുമ്പോള്‍ ഡ്രൈവറായിരുന്ന അര്‍ജുന്‍ മലപ്പുറത്ത് സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് ആക്ഷേപം വീണ്ടും ചര്‍ച്ചയായത്. സമാന ആരോപണം നേരത്തെ ബാലഭാസ്‌കറിന്റെ പിതാവ് ഉന്നയിച്ചിരുന്നു. 2018 സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അര്‍ജുനും പരിക്കേറ്റിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group