പേരാവൂർ: കനത്ത മഴയില്‍ റോഡില്‍ വിള്ളലുണ്ടായതിനെത്തുടർന്ന് നാലര മാസത്തോളം പൂർണ്ണമായും അടഞ്ഞുകിടന്ന പേര്യ ചുരം റോഡ് ഇന്നു മുതല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
ഇതോടെ പേര്യ - നെടുംപൊയില്‍ റോഡിലൂടെ യാത്ര ചെയ്യുന്ന കണ്ണൂർ - വയനാട് ജില്ലകളിലെ യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് അവസാനമാകും. 15 മുതല്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നെങ്കിലും ഇടയ്ക്ക് മഴ പെയ്തതോടെ വൈകുകയായിരുന്നു. ആദ്യഘട്ടത്തില്‍ ചെറുവാഹനങ്ങളെയാണ് കടത്തിവിടുക. ഒരാഴ്ച കഴിഞ്ഞ് ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കും പ്രവേശനം നല്‍കാനാണ് തയ്യാറെടുപ്പ്.
വിള്ളലുണ്ടായ മുഴുവൻ ഭാഗത്തേയും മണ്ണ് നീക്കി 10 മീറ്ററോളം താഴ്ത്തി ബലമുള്ള അടിത്തറയൊരുക്കി റോഡ് പുതുക്കിപ്പണിയുകയായിരുന്നു. 10 മീറ്ററോളം ഉയരമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ചുരത്തിലെ വളവുകളില്‍ ഇന്റർലോക്ക് ചെയ്യുന്ന പണികളും നടത്തിയിട്ടുണ്ട്. വൈകാതെ ചന്ദനത്തോട് മുതല്‍ നെടുംപൊയില്‍ വരെ 12 കിലോ മീറ്റർ ദൂരം പൂർണമായും റീ ടാറിംഗ് നടത്തും. അതോടൊപ്പമായിരിക്കും തകർന്ന ഭാഗത്തെ ടാറിംഗും നടത്തുക.
ജൂലായ് 30 നാണ് കണ്ണൂർ - വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ തലശ്ശേരി-ബാവലി സംസ്ഥാനാന്തര പാതയിലെ ചുരം റോഡില്‍ ചന്ദനത്തോട് പ്രദേശത്ത് 80 മീറ്ററോളം നീളത്തില്‍ റോഡിലും റോഡരികിലും
വലിയ വിള്ളല്‍ രൂപപ്പെട്ടത്. വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയാത്ത വിധം റോഡില്‍ ആഴത്തിലുള്ള വിള്ളല്‍ രൂപപ്പെട്ടതിനാല്‍, മണ്ണ് പൂർണമായും നീക്കി റോഡ് പുതുക്കിപ്പണിയേണ്ടതിനാല്‍ ഗതാഗതം പൂർണ്ണമായി നിരോധിക്കുകയായിരുന്നു.
Post a Comment