Join News @ Iritty Whats App Group

മരിച്ചയാളോട് അല്‍പമെങ്കിലും ആദരവ് കാണിക്കണം; പിടിവാശി വേണ്ടെന്ന് ഹൈക്കോടതി; കോടതിയില്‍ നിന്ന് അടിയേറ്റ് എം എം ലോറന്‍സിന്റെ മകള്‍; മധ്യസ്ഥത വഹിക്കാന്‍ എന്‍എന്‍ സുഗുണപാലന്‍



അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹത്തിന് വേണ്ടിയുടെ പിടിവലിയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മകള്‍ ആശ ലോറന്‍സിന്റെ പിടിവാശിക്കെതിരെയാണ് ഹൈക്കോടതി നിലപാട് എടുത്തത്. കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കോടതിയുടെ സമയം മെനക്കെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിലപാട് എടുത്തു.

വേണമെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും അതല്ലെങ്കില്‍ തര്‍ക്കത്തില്‍ മധ്യസ്ഥ ഇടപെടലാകാമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ഇരു കൂട്ടര്‍ക്കും പരിഗണിക്കാവുന്ന പേര് നല്‍കണമെന്നും കോടതി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ അധികനാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ചയാളോട് അല്പമെങ്കിലും ആദരവ് കാണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം നിര്‍ദേശിച്ചത്.

മൃതദേഹം പഠനത്തിന് വിട്ടുനല്‍കണമെന്ന് മകന്‍ എം.എല്‍. സജീവനോട് ലോറന്‍സ് പറഞ്ഞെന്ന രണ്ട് സാക്ഷികളുടെ മൊഴിയടക്കം പരിഗണിച്ചായിരുന്നു ബെഞ്ചിന്റെ ഉത്തരവ്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിങ്കിള്‍ ബെഞ്ച് ഉത്തരവെന്നും ഇത് റദ്ദാക്കി മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്നുമാണ് അപ്പീലിലെ ആവശ്യം.

എം.എം. ലോറന്‍സിന്റെ മക്കളായ ആശാ ലോറന്‍സും സുജാതയും സമര്‍പ്പിച്ച ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. മധ്യസ്ഥതയ്ക്ക് ആരുവേണമെന്ന് അന്ന് തീരുമാനിച്ച് അറിയിക്കണമെന്നും ഹര്‍ജിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇരുപക്ഷവും നിലപാട് അറിയിച്ച ശേഷമാകും കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് എം.എം. ലോറന്‍സ് അന്തരിക്കുന്നത്. രണ്ടുമാസമായി ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, എം.എം.ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥനായി മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.എന്‍.സുഗുണപാലനെ നിയോഗിക്കാന്‍ തത്വത്തില്‍ തീരുമാനമായി. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനെ തീരുമാനിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് എംഎംലോറന്‍സിന്റെ കുടുംബം മുതിര്‍ന്ന അഭിഭാഷകന്റെ പേര് അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group