കൊച്ചി/ കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ അറസ്റ്റിലായവര്‍ ഉത്തരേന്ത്യന്‍ സംഘങ്ങളെ സഹായിക്കുന്ന രണ്ടുപേരാണെന്നു പോലീസ് പറഞ്ഞു. ഇരകളെ കണ്ടെത്തുകയും വിവരങ്ങള്‍ കൈമാറുകയുമാണു മലയാളി സംഘം ചെയ്തിരുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് സംഭവത്തില്‍ മലയാളികള്‍ അറസ്റ്റിലാകുന്നത്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങളെക്കുറിച്ച് നേരത്തെയും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേരളത്തിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അതേസമയം, ഡിജിറ്റല്‍ അറസ്‌റ്റെന്ന വ്യാജേന മുംബൈയിലെ ശാസ്ത്രജ്ഞനെ കബളിപ്പിച്ച് മൂന്നരക്കോടി രൂപ കവര്‍ന്ന കോഴിക്കോട് സ്വദേശികളുടെ കൂട്ടാളികള്‍ക്കായി തെരച്ചില്‍ സൈബര്‍ പോലീസ് ഉൗര്‍ജിതമാക്കി. പ്രതികളായ പി.എസ്. അന്‍വര്‍ഷാദ് (44) കെ.കെ. അമിര്‍ഷാദ് (28), സി.മൊഹ്‌സിന്‍ (53) എന്നിവരുടെ കൂട്ടാളികളെയാണു തെരയുന്നത്.
ദുബായിലേക്ക് അടക്കം അനേ്വഷണം വ്യാപിപ്പിക്കും. മുംബൈ ഗോരേഗാവിലെ 54 വയസുള്ള ശാസ്ത്രജ്ഞനാണു പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടത്. കവര്‍ന്ന പണം അന്‍വര്‍ഷാദിന്റെയും അമിര്‍ഷാദിന്റെയും പേരിലുള്ള ട്രാവല്‍ ടൂര്‍ കമ്പനിയിലേക്കാണ് എത്തിയത്. പിന്നീടിത് ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റിയെന്നും പോലീസ് കണ്ടെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ പരാതിക്കാരന്റെ പേരിലുള്ള പാഴ്‌സല്‍ കസ്റ്റംസ് തടഞ്ഞുവച്ചെന്നും ലഹരിവസ്തുക്കളുണ്ടെന്നും അറിയിച്ചു. ഡല്‍ഹി പോലീസിന്റെ സൈബര്‍ സംഘത്തില്‍ നിന്നെന്നു പരിചയപ്പെടുത്തി വിഡിയോ കോളുംവന്നു. രേഖകളും അയച്ചു കൊടുത്തു.
പിന്നീട് പണം അയച്ചുനല്‍കാന്‍ ആവശ്യപ്പെടുകയും പരിശോധനയ്ക്കുശേഷം തിരിച്ചുനല്‍കാമെന്ന് ഉറപ്പു നല്‍കി. പിന്നീടാണു തുക കൈമാറിയത്. പരാതി ലഭിച്ചയുടന്‍ സൈബര്‍ പോലീസ് ഇടപെട്ടു. 20 ലക്ഷത്തോളം രൂപ വീണ്ടെടുക്കാനായി. പിന്നീട് അക്കൗണ്ട് ഉടമകളെക്കുറിച്ചു നടത്തിയ അനേ്വഷണത്തിലാണു കോഴിക്കോട് നിന്നു മൂന്നുപേരെ പിടികൂടുന്നത്. ഇന്നലെ എറണാകുളം സൈബര്‍ പോലീസ് പിടികൂടിയവരുടെ വിവരങ്ങള്‍ മുംബൈ പോലീസിനു കൈമാറും.
കോഴിക്കോട് ജില്ലയില്‍ ഇത്തരം തട്ടിപ്പു നടത്തുന്ന സംഘങ്ങളില്‍ 18 വയസു മുതല്‍ പ്രായമുള്ള യുവാക്കള്‍ കണ്ണികളാണ്. അക്കൗണ്ടുകളില്‍ എത്തുന്ന പണം പിന്‍വലിച്ച് ബന്ധപ്പെട്ടവരെ ഏല്‍പിച്ച ശേഷമാണു കാരിയര്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 5,000 രൂപയാണു കമ്മിഷന്‍. ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം ഹവാല ഇടപാടുകള്‍ക്കും സ്വര്‍ണക്കടത്തിനും ഉപയോഗിക്കുന്നതായും സംശയമുണ്ട്. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്നും സൈബര്‍ പോലീസ് പറഞ്ഞു.
രണ്ടായിരത്തോളം പേരെങ്കിലും തട്ടിപ്പുസംഘങ്ങളില്‍ അംഗങ്ങളാണെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. കൊടുവള്ളി മേഖലയില്‍ ഒരാള്‍ക്ക് 25 ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് അനേ്വഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈബര്‍ ക്രൈം കേസുകളുടെ ചുമതലയുള്ള എ.സി.പി: എം. കെ മുരളിയുടെ നേതൃത്വത്തില്‍ എസ്.ഐ: പി.ആര്‍ സന്തോഷ്, എ.എസ് ഐ: വി. ശ്യാംകുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി.ആര്‍ അരുണ്‍, അജിത്‌രാജ്, നിഖില്‍ ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment