Join News @ Iritty Whats App Group

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, കൈയേറ്റക്കാരെ ഒഴിവാക്കേണ്ടത് സര്‍ക്കാറിന്‍റെ ബാധ്യത -കേരള വഖഫ് സംരക്ഷണ സമിതി


കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് പൗരത്വം പോലും നിഷേധിച്ച് രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ വഖഫിനെക്കുറിച്ചു ദുഷ്പ്രചാരണം നടത്തുന്നതില്‍ അത്ഭുതമില്ലെന്നും വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ടെന്നും സംഘടന പറഞ്ഞു.

രാജ്യത്തെ നിയമത്തിന് മുകളിലല്ല മറ്റൊന്നും. മുനമ്പത്തെ വഖ്ഫ് വിഷയത്തിന് നിയമപരമായ പരിഹാരം കാണുന്നതിന് പകരം വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് ഒരു സമുദായത്തെയും മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. നുണപ്രചാരണങ്ങളിലൂടെ വഖഫിന്റെ ഒരു സെന്റ് ഭൂമി പോലും സ്വന്തമാക്കാമെന്ന് ഇത്തരക്കാര്‍ കരുതേണ്ടതില്ലെന്നും പവിത്രമായ വഖഫ് ഭൂമിയില്‍ റിസോര്‍ട്ട്-ബാര്‍ മാഫിയകള്‍ മുതല്‍ അനാശാസ്യ കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കാന്‍ വിശ്വാസികള്‍ക്കാവില്ലന്നും തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള വഖഫ് സംരക്ഷണത്തിനും നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും ഇവര്‍ പറഞ്ഞു.

മുനമ്പത്തെ ഭൂമി നിലവില്‍ വഖഫിന്റെ അഥവാ സര്‍ക്കാരിന്റെ സ്വത്ത് കൂടിയാണ്. ഇവിടത്തെ കൈയേറ്റക്കാരെ ഒഴിപ്പിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.മുസ്ലിം സമുദായത്തിലെ ചില സംഘടനകളും വ്യക്തികളും വസ്തുതകള്‍ക്കും കോടതി ഉത്തരവുകള്‍ക്കും വിരുദ്ധമായി മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയുന്നത് മുനമ്പത്തെ അനധികൃത ഭൂമിയിടപാടില്‍ ആദ്യകുറ്റവാളികളായ ഫറൂഖ് കോളജ് മാനേജ്‌മെന്റിനെ രക്ഷിച്ചെടുക്കുന്നവരും മുനമ്പത്തേത് പോലെ വഖഫ് ഭൂമി കൈയേറിയിരിക്കുന്നവരും രാഷ്ട്രീയ ലാഭം മോഹിക്കുന്നവരുമാണെന്ന് ചോദ്യത്തിന് മറുപടിയായി സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

ഏക്കര്‍ കണക്കിന് വഖഫ് ഭൂമി ചതിയിലൂടെ സ്വന്തമാക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത അഡ്വ.എം.വി പോളിന്റെ അവകാശികള്‍ കയ്യടക്കി വച്ചിരിക്കുന്ന വഖഫ് സ്വത്തുക്കള്‍ ബോര്‍ഡ് പിടിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കേരള വഖഫ് സംരക്ഷണ സമിതി പ്രസിഡന്റ് ഷരീഫ് ഹാജി,കണ്‍വീനര്‍ മുജീബ് റഹ്മാന്‍,സമിതിയംഗം അഡ്വ.എം.എം അലിയാര്‍ മൂവാറ്റുപുഴ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group