ദില്ലി:പ്ലസ് ടു കോഴക്കേസിലെ മൊഴികളും, മാറ്റി പറഞ്ഞ മൊഴികളും സുപ്രീംകോടതി മുൻപാകെ ഹാജരാക്കണമെന്ന് നിർദ്ദേശം. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി ഉള്‍പ്പെട്ട കേസിലെ മൊഴിയുടെ വിവരങ്ങളാണ് സുപ്രീംകോടതി ബെഞ്ച് തേടിയത്. കേസില്‍ ഇത് വരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ മൊഴികളും ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
നവംബര്‍ 26-ന് മുമ്പ് മൊഴികള്‍ ഹാജരാക്കാനാണ് ജഡ്ജിമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ നിർദ്ദേശം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ നല്‍കിയ ആദ്യ മൊഴിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് മൊഴി മാറ്റിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട മൊഴികളും, മാറ്റി പറഞ്ഞ മൊഴികളും തങ്ങള്‍ക്ക് കാണണമെന്ന് ജഡ്ജിമാർ നിലപാട് എടുത്തത്.
കെ.എം. ഷാജിക്കെതിരേ എഫ് ഐ ആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് ഹാജരായി. കെ എം ഷാജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജരായത്.
Post a Comment