ഇരിട്ടി: പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന പരാഗ് ഫാഷൻ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ മോഷണം. ഇന്നലെ രാവിലെ കടതുറക്കാൻ എത്തിയ ജീവനക്കാരാണ് ആദ്യം മോഷണ വിവരം അറിയുന്നത്.
ഉടൻ ഇരിട്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്‌എച്ച്‌ഒ എ. കുട്ടികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥാപനത്തിന്‍റെ സൈഡിലുള്ള എക്സോസ് ഫാൻ ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചത്. രാത്രി 10.30 ഓടെമോഷ്ടാവ് കടയ്ക്കുള്ളില്‍ പ്രവേശിക്കുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സിസിടിവി ദൃശ്യത്തില്‍ മോഷ്ടാവെന്ന് സംശയിക്കുന്നയാള്‍ മുഖം മറച്ച നിലയിലാണ്. ഡോഗ് സ്‌ക്വാഡ്, വിരല്‍ അടയാള വിദഗ്ധർ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നായ മണംപിടിച്ച് റോഡിലൂടെ അല്പദൂരം ഓടി. രണ്ടുമാസം മുന്പ് ഇരിട്ടിയിലെ രണ്ടു മൊബൈല്‍ ഷോപ്പുകളില്‍ മോഷണം നടത്തിയ പ്രതികളെ പോലീസ് കർണാടകയില്‍ നിന്നു പിടികൂടിയിരുന്നു. ഇരിട്ടിയിലെ രണ്ട് ജ്വല്ലറികളിലും മാടത്തിലെ മത്സ്യ വില്പന കടയിലും മോഷണം നടന്നിരുന്നു പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
Post a Comment