ചെന്നൈ: സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശനം നടത്തിയ സൂപ്പർതാരം വിജയ്‌ക്കെതിരെ വിമർശനവുമായി തമിഴ്‌നാട് നിയമസഭാ സ്‌പീക്കർ. താരത്തിന്റെ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം വിക്രവണ്ടിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നതിന് പിന്നാലെയാണ് സ്‌പീക്കർ എം അപ്പാവു വിജയെ രൂക്ഷമായി ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിൽ ബിജെപിയാണെന്ന് അപ്പാവു ആരോപിച്ചു.
തമിഴിലെ തന്നെ മറ്റൊരു സൂപ്പർതാരമായ രജനീകാന്തിനെ രാഷ്ട്രീയത്തിൽ കൊണ്ട് വരാനുള്ള ബിജെപിയുടെ പദ്ധതി പരാജയപ്പെട്ടതോടെയാണ് അടുത്ത ലക്ഷ്യമായി വിജയെ കൊണ്ട് വന്നതെന്നാണ് അപ്പാവു ചൂണ്ടിക്കാട്ടി. ഇതൊരിക്കലും താൻ പറയുന്നതല്ലെന്നും ആളുകൾ പറയുന്ന കാര്യമാണെന്നും അപ്പാവു വ്യക്തമാക്കി.
'നിങ്ങൾക്കെല്ലാം അറിയാവുന്നതാണ് ബിജെപി രജനീകാന്തിനെ രാഷ്ട്രീയത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിന് പകരമാണ് വിജയ് വരുന്നത്. ബസി ആനന്ദാണ് വിജയുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി. ഇയാൾ പുതുച്ചേരിയിൽ നിന്നുള്ളയാളാണ്, ബിജെപി മന്ത്രി നമശിവായമായും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുപ്പമുള്ളയാളാണ് ആനന്ദ്. വിജയുടെ അച്ഛൻ പോലും മുൻപ് ഇയാളെ ക്രിമിനൽ എന്നാണ് വിശേഷിപ്പിച്ചത്' അപ്പാവു പറയുന്നു.
ഡിഎംകെയെ വിമർശിച്ചതിനുള്ള മറുപടിയും അപ്പാവു നൽകുകയുണ്ടായി. ഡിഎംകെ അംഗങ്ങൾ അഴിമതിയിലൂടെ പണക്കാരാവുന്നു എന്ന ടിവികെ അധ്യക്ഷൻ വിജയുടെ വിമർശനത്തിന് അതേഭാഷയിൽ തന്നെയാണ് അപ്പാവു മറുപടി നൽകിയത്. 'വലിയൊരു നികുതിവെട്ടിപ്പിൽ കുടുങ്ങിയത് പോലെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സൂചിപ്പിക്കുന്നത്. മറ്റൊരാളെ അഴിമതിക്കാരൻ എന്ന് വിളിക്കും മുൻപ് സ്വയം പരിശുദ്ധനാണെന്ന് ഉറപ്പ് വരുത്തണം' എന്നായിരുന്നു സ്‌പീക്കറുടെ മറുപടി.
വിജയ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും അതിന്റെ സംസ്ഥാന സമ്മേളനം നടത്തുകയും ചെയ്‌തതിന് പിന്നാലെ ഡിഎംകെ നേതാക്കളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. തമിഴ്‌നാട് നിയമ മന്ത്രി രഘുപതി ടിവികെയ്ക്കും വിജയ്ക്കും എതിരെ രംഗത്ത് വന്നിരുന്നു. ബിജെപിയുടെ സി ടീമാണ് പാർട്ടി എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
എന്നാൽ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ വിജയുടെ രാഷ്ട്രീയ പ്രവേശത്തോട് കരുതലോടെയാണ് പ്രതികരിച്ചത്. പാർട്ടി വളരെ നന്നായി പ്രവർത്തിക്കുന്നത് കൊണ്ടാവും വിജയ് തങ്ങളെ വിമർശിക്കാത്തത് എന്നായിരുന്നു എടപ്പാടി പളനിസാമി പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്തുള്ള സഖ്യങ്ങൾ കുറിച്ച് ഇപ്പോഴേ സംസാരിക്കുന്നത് അപക്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഒക്ടോബർ 27ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിജയ് ടിവികെയുടെ സംസ്ഥാന സമ്മേളനം നടത്തിയത്. ബിജെപിയുടെ വർഗീയ നിലപാടുകൾക്ക് എതിരെയും സംസ്ഥാനത്ത് ഡിഎംകെയുടെ അഴിമതി രാഷ്ട്രീയത്തിന് എതിരെയും ആഞ്ഞടിച്ചുകൊണ്ടാണ് വിജയ് ചടങ്ങിൽ പ്രസംഗിച്ചത്.
Post a Comment