Join News @ Iritty Whats App Group

'ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും', വിവാദ മുഡ ഭൂമി തിരിച്ചുനൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ

ബെംഗ്ളൂരു : മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നൽകിയത്. വാർത്താക്കുറിപ്പിലൂടെയാണ് ബി എൻ പാർവതി ഈ വിവരം അറിയിച്ചത്. തന്റെ പേരിൽ രജിസ്റ്റർ ചെയ്ത എല്ലാ ആധാരങ്ങളും റദ്ദാക്കണമെന്ന് പാർവതി മുഡ അധികൃതർക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഭർത്താവിന്റെ അന്തസ്സിലും വലുതല്ല ഒരു ഭൂമിയുമെന്നും ഭൂമി മുഡ അധികൃതർക്ക് തിരിച്ചെടുക്കാവുന്നതാണെന്നും ഈ കത്ത് മൂലം അതിന് സമ്മതം നൽകുന്നുവെന്നും പാർവതി വ്യക്തമാക്കി.  


ഭാര്യയുടെ തീരുമാനത്തിൽ ഇടപെടില്ല എന്നും അതിനെ ബഹുമാനിക്കുന്നുവെന്നും സിദ്ധരാമയ്യയും പ്രതികരിച്ചു. ഇന്നലെ സിദ്ധരാമയ്യക്ക് എതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഡ ഭൂമിയിടപാട് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം ചുമത്തിയാണ് സിദ്ധരാമയ്യ അടക്കം നാല് പേർക്കെതിരെ ഇഡി പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

നേരത്തേ കർണാടക ലോകായുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മുഡ ഭൂമിയിടപാട് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സിദ്ധരാമയ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സിദ്ധരാമയ്യ, ഭാര്യ ബി എൻ പാർവതി, ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമി, ഇദ്ദേഹം വിവാദത്തിനിടയാക്കിയ ഭൂമി വാങ്ങിയ പഴയ ഭൂവുടമ ദേവരാജു എന്നീ നാല് പേർക്കെതിരെയാണ് ഇഡി എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫോമേഷൻ റിപ്പോർട്ട് ഫയൽ ചെയ്തിരിക്കുന്നത്. പൊലീസ് കേസിലെ എഫ്ഐആറിന് സമാനമാണ് ഇസിഐആർ എന്നറിയപ്പെടുന്ന എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫോമേഷൻ റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമമാണ് ഇതിൽ നാല് പേർക്കെതിരെയും ചുമത്തിയിരിക്കുന്നത് ഇതിന് പിന്നാലെയാണ് വിവാദ ഭൂമി തിരിച്ച് നൽകി തലയൂരാനുളള ശ്രമം.

Post a Comment

Previous Post Next Post
Join Our Whats App Group