കണ്ണൂർ: വിരമിക്കാൻ 7 മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ എഡിഎം നവീൻ ബാബു അഴിമതിയാരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്. നേരത്തെ കാസർകോട് എഡിഎം ആയിരുന്ന നവീൻ ബാബു അവിടെ നിന്നാണ് കണ്ണൂരിലെത്തിയത്. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെ ഇന്ന് പോകാനിരിക്കെയാണ് ജീവനൊടുക്കിയത്. ട്രെയിനിനെത്തുന്ന നവീനെ കൂട്ടാൻ ഭാര്യ രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൽ നവീനെ കാണാതിരുന്നതിനെ തുടർന്ന് കണ്ണൂരിൽ വിവരമറിയിച്ചു. ശേഷം നടത്തിയ പരിശോധനയിലാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നവീൻ ബാബു ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെന്ന് കുടുംബം പ്രതികരിച്ചു. നവീനെ അഴിമതിക്കാരനെന്ന രീതിയിൽ ചിത്രീകരിച്ചതാണ്, സമ്മർദ്ദങ്ങൾക്ക് വഴുന്നയാളല്ല നവീൻ. ആര് സഹായം ചോദിച്ചാലും ചെയ്യാൻ കഴിയുന്നതെല്ലാം കൃത്യമായി ചെയ്തു കൊടുക്കുന്നയാളാണെന്നും അമ്മാവൻ പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് ശേഷം ഫോണിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു. ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാറാണ്. രണ്ട് പെൺമക്കളുണ്ട്.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ പോകേണ്ടതായിരുന്നു. എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ വിദ്വേഷണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനം.
പ്രതിഷേധം ശക്തം, കേസെടുക്കണമെന്ന് കോൺഗ്രസ്
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തിന് തുല്യമായ സംഭവമാണെന്നും അദ്ദേഹം അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകൾക്ക് പോലും അഭിപ്രായം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബം സിപിഎം പ്രവർത്തകരാണ്. ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ച് മടങ്ങുന്ന പെരുമാറ്റമാണ് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആത്മഹത്യാ പ്രേരണത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
Post a Comment