ന്യൂഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും നീക്കിയ ഇ.പി. ജയരാജന്‍ മുഖ്യമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ കേരളാഹൗസിലായിരുന്നു കൂടിക്കാഴ്ചയെന്നും മുഖ്യമന്ത്രിയെ കണ്ടത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇ പിയെ നീക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
നടന്നത് ഒരു സാധാരണ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നും രാഷ്ട്രീയം പിന്നെ ചര്‍ച്ച ചെയ്യാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തങ്ങളെല്ലാം പരസ്പരം സ്‌നേഹവും ആദരവും നിലനിര്‍ത്തുന്ന പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളാണെന്നും ഇന്നത്തെ പ്രശ്‌നവും ചര്‍ച്ചയും യെച്ചൂരിയുടെ വിടവാങ്ങലാണെന്നും മറ്റുള്ള രാഷ്ട്രീയ വിഷയങ്ങളൊക്കെ പിന്നീട് സംസാരിക്കാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
''കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തെ കാണാറുണ്ട് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ട്. അദ്ദേഹം ഡല്‍ഹിയില്‍ വരുന്നുണ്ടെങ്കില്‍ പരസ്പരം കണ്ടിട്ടേ മടങ്ങാറുള്ളൂ.'' ഇ.പി. ജയരാജന്‍ പറഞ്ഞു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ദല്ലാള്‍ നന്ദകുമാറുമായുള്ള കൂടിക്കാഴ്ചയും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും പിന്നാലെയാണ് ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണവീനര്‍ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചത്. നേരത്തേ കണ്ണൂരില്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ ഇ.പി. ജയരാജന്‍ പങ്കെടുത്തിരുന്നില്ല.
Post a Comment