Join News @ Iritty Whats App Group

'പ്രപഞ്ചത്തിന്റെ ഉടമ'യെന്നും 'ദൈവത്തിന്റെ നിയുക്ത പുത്രനെ'ന്നും സ്വയം പ്രഖ്യാപിച്ച സുവിശേഷ പ്രസംഗകന്‍ അറസ്റ്റില്‍ ; കുരുങ്ങിയത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍

മനില: 'പ്രപഞ്ചത്തിന്റെ ഉടമ'യെന്നും 'ദൈവത്തിന്റെ നിയുക്ത പുത്രനെ'ന്നും സ്വയം പ്രഖ്യാപിച്ച സുവിശേഷ പ്രസംഗകന്‍ അപ്പോളോ ക്വിബോലോയ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ഫിലിപ്പീന്‍സില്‍ അറസ്റ്റില്‍. തെക്കന്‍ നഗരമായ ദാവേയിലെ 72 ഏക്കര്‍ കോമ്പൗണ്ടിലെ ബങ്കറില്‍ പാസ്റ്റര്‍ ഒളിച്ചിരിക്കുകയാണെന്ന സംശയത്തില്‍ 2,000 പോലീസുകാര്‍ രണ്ടാഴ്ചയായി ഇവിടെ തെരച്ചില്‍ നടത്തിവരികയായിരുന്നു. ക്വിബോലോയിയുടെ ഉടമസ്ഥതയിലുള്ള പള്ളി കിങ്ഡം ഓഫ് ജീസസി(കെ.ഒ.ജെ.സി)ന്റെ സ്ഥലമാണിത്.



കോടതി ഉത്തരവുമായെത്തിയ പോലീസിനെ തടയാനായി പാസ്റ്ററിന്റെ അനുയായികള്‍ സ്ഥലത്തേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചിരുന്നു. ഒരു കത്തീഡ്രലും കോളജും 75,000 സീറ്റുള്ള സ്‌റ്റേഡിയവുമുള്ള കോമ്പൗണ്ട് നിരീക്ഷിക്കാന്‍ പോലീസ് ഹെലികോപ്ടറും ഉപയോഗിച്ചു. ക്വിബോലോയ് അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ്, തെര്‍മല്‍ ഇമേജിങ്ങും റഡാര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ച് പോലീസ് പ്രദേശത്ത് ഭൂമിക്കടിയില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.



ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ ദീര്‍ഘകാല സുഹൃത്തായ അപ്പോളോ ക്വിബോലോയിക്കെതിരേ ലൈംഗിക കുറ്റകൃത്യമടക്കം നിരവധി കേസുകളാണുള്ളത്. കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്തു, മനുഷ്യക്കടത്ത് തുടങ്ങിയ കേസുകളില്‍ പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. ലൈംഗിക ആവശ്യങ്ങള്‍ക്കായി ആളുകളെ കടത്തിയ കേസില്‍ എഫ്.ബി.ഐയുടെ പട്ടികയിലും ഇയാളുണ്ടായിരുന്നു. 12 നും 25 നും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളെയും യുവതികളെയും തന്റെ പി.എമാരായും പാസ്റ്ററല്‍മാരായും നിയമിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് 2021 ല്‍ ക്വിബോലോയിക്കെതിരേ കേസെടുത്തിരുന്നു.



കള്ള വിസകള്‍ ഉപയോഗിച്ചു സഭാംഗങ്ങളെ അമേരിക്കയിലേക്കു കൊണ്ടുവന്നു, വന്‍ തോതില്‍ പണം കടത്തി, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന വ്യാജേന പണം സമാഹരിച്ചു തുടങ്ങിയ കേസുകളുമുണ്ട്. ഇൗ പണം പള്ളിയുടെ ആവശ്യങ്ങള്‍ക്കും സഭാ നേതാക്കളുടെ ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്നും ആരോപണമുണ്ട്. ഫിലിപ്പീന്‍സില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന സുവിശേഷ പ്രസംഗകനാണ് അപ്പോളോ ക്വിബോലോയ്. ആരോപണങ്ങള്‍ ക്വിബോലോയ് നിഷേധിച്ചു.



'ദൈവപുത്രനായി നിയമിക്കപ്പെട്ട' ഇരുണ്ട ലോകം



മനില: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അനുയായികളുള്ള സുവിശേഷകനാണു ക്വിബോലോയ്. തെക്കന്‍ ഫിലിപ്പീന്‍സില്‍ ജനിച്ച അപ്പോളോ കാരിയോണ്‍ ക്വിബോലോയ് സാധാരണ പ്രസംഗകനല്ല. 1985 ല്‍ അദ്ദേഹം സ്ഥാപിച്ച കെ.ഒ.ജെ.സി എന്ന മത സംഘടന അതിവേഗം വളര്‍ന്നു, ഫിലിപ്പീന്‍സിലും 200 ലധികം രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് അനുയായികളെ ആകര്‍ഷിച്ചു. ന്യൂയോര്‍ക്ക് ടൈംസ് പറയുന്നതനുസരിച്ച്, സ്വയം പ്രഖ്യാപിത ദൈവിക പദവിയുമായി സംയോജിപ്പിച്ച് അദ്ദേഹം ഫിലിപ്പീന്‍സില്‍ ഒരു പ്രബല ശക്തിയായി മാറി.



മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ 'ആത്മീയ ഉപദേഷ്ടാവ്' എന്നറിയപ്പെടുന്ന ക്വിബോലോയ് പ്രാദേശിക, ദേശീയ രാഷ്ട്രീയക്കാരില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം അദ്ദേഹത്തിനു 'ആത്മീയ കിങ് മേക്കര്‍' എന്ന പരിവേഷം നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അദ്ദേഹത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് പലരും വിശ്വസിച്ചു, പ്രത്യേകിച്ചും ഡാവാവോ സിറ്റിയില്‍, അവിടെ അദ്ദേഹം 'ന്യൂ ജെറുസലേം' എന്ന പേരില്‍ 75 ഏക്കര്‍ വിസ്തൃതിയുള്ള ആരാധനാലയം സ്ഥാപിച്ചു.



എന്നിരുന്നാലും,ക്വിബോലോയുടെ ആത്മീയ രാജ്യം കൂടുതല്‍ ഇരുണ്ട യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചുവെന്ന് യു.എസ്., ഫിലിപ്പൈന്‍ നിയമ നിര്‍-വ്വഹണ ഏജന്‍സികള്‍ പറയുന്നു. അദ്ദേഹത്തിന്റെ സ്വാധീനം രാഷ്ട്രീയം മാത്രമല്ല, വിശ്വാസത്തിന്റെ മറവില്‍ അടിമത്ത ജീവിതത്തിലേക്ക് നിര്‍ബന്ധിതരാക്കപ്പെട്ട ദുര്‍ബലരായ സ്ത്രീകളെയും കുട്ടികളെയും ആസൂത്രിതമായി ദുരുപയോഗം ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്തു. 2021 ലാണു ലൈംഗിക പീഡനം, ഗൂഢാലോചന, നിര്‍ബന്ധിത തൊഴില്‍ എന്നീ കുറ്റങ്ങള്‍ യു.എസ്. ചുമത്തി. ലൈംഗിക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പ്രതിജ്ഞയെടുത്ത പഴ്‌സണല്‍ അസിസ്റ്റന്റുമാര്‍. 'നൈറ്റ് ഡ്യൂട്ടി' എന്ന പേരില്‍ അദ്ദേഹത്തിനു മുന്നില്‍ അടിമകളെ എത്തിച്ചു.



ക്വിബോലോയിക്ക് വേണ്ടി തങ്ങളുടെ ജീവിതവും ശരീരവും സമര്‍പ്പിച്ച 'പ്രതിബദ്ധത കത്തുകള്‍' എഴുതാന്‍ യുവതികള്‍ നിര്‍ബന്ധിതരായി. അദ്ദേഹത്തെ എതിര്‍ത്തവരെ ഡാവാവോ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള 'പ്രാര്‍ത്ഥന പര്‍വതത്തിലേക്ക്' അയച്ചു. അവിടെ, തല മുണ്ഡനം ചെയ്യുക, പീഡിപ്പിക്കുക തുടങ്ങിയ ശിക്ഷകളും കാത്തിരുന്നു. കൂട്ടികളെ സഹായിക്കാന്‍ 'ചില്‍ഡ്രന്‍സ് ജോയ് ഫൗണ്ടേഷന്‍' എന്ന പേരില്‍ അദ്ദേഹം യു.എസില്‍നിന്നു വലിയതോതില്‍ പണം പിരിച്ചു. ആ സംഭാവനകള്‍ ദരിദ്രരായ കുട്ടികള്‍ക്ക് ലഭിച്ചില്ല.



പകരം, സ്വകാര്യ ജെറ്റുകള്‍, ആഢംബര വാഹനങ്ങള്‍, മറ്റ് ആഡംബര വസ്തുക്കള്‍ എന്നിവയ്ക്കായി പണം ചെലവിട്ടു. 2021 ല്‍ എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടം നേടി. ഡ്യൂട്ടേര്‍ട്ട് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ശക്തമായ രാഷ്ട്രീയ നേതാക്കളുടെ തണലില്‍ തൊട്ടുകൂടാത്തവരായി തുടര്‍ന്നു. ഡ്യൂട്ടേര്‍ട്ടിനു പ്രസിഡന്റ് സ്ഥാനം നഷ്ടമായതോടെ അപ്പോളോ ക്വിബോലോയിയുടെ നല്ലകാലം അവസാനിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group