Join News @ Iritty Whats App Group

കടയില്‍ കഞ്ചാവ് കൊണ്ടുവെച്ച് ഉടമയെ കുടുക്കി; അന്വേഷിച്ച് ചെന്നപ്പോൾ പദ്ധതി സ്വന്തം പിതാവിന്റെ തന്നെ

കടയില്‍ കഞ്ചാവ് കൊണ്ടുവെച്ച് ഉടമയെ കുടുക്കി; അന്വേഷിച്ച് ചെന്നപ്പോൾ പദ്ധതി സ്വന്തം പിതാവിന്റെ തന്നെ




മാനന്തവാടി: ടൗണിലെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടയുടമയെ കുടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഓട്ടോ ഡ്രൈവറെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ പി.എ ബനാന എന്ന സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവച്ചതുമായി ബന്ധപ്പെട്ട് മാനന്തവാടി പയ്യമ്പള്ളി കൊല്ലശ്ശേരിയില്‍ വീട്ടില്‍ ജിന്‍സ് വര്‍ഗീസ് (38) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ആറിനാണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന് നഗരത്തിലെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ചതായി രഹസ്യവിവരം ലഭിക്കുന്നത്. 



വിവരത്തിന്ററെ അടിസ്ഥാനത്തില്‍ മൈസൂര്‍ റോഡില്‍ കല്ലാട്ട് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന പി.എ ബനാന എന്ന സ്ഥാപനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ കടക്കുള്ളില്‍ നിന്ന് 2.095 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. കടയുടെ ഉടമസ്ഥനായ മാനന്തവാടി ചെറ്റപ്പാലം പുത്തന്‍ത്തറ വീട്ടില്‍ പി.എ. നൗഫല്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തുടര്‍ന്നുള്ള വിശദമായ അന്വേഷത്തില്‍ കഞ്ചാവ് ഒളിപ്പിച്ചത് ജിന്‍സ് വര്‍ഗീസും കൂട്ടാളികളുമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ജിന്‍സിനെയും കൂട്ടുപ്രതികളെയും തേടി എക്‌സൈസ് ഇറങ്ങിയത്. 



കടയുടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച അന്വേഷണ സംഘം സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുള്ളതായും കണ്ടെത്തി. ചില സാക്ഷിമൊഴികള്‍ കൂടി ലഭിച്ചതോടെ ജിന്‍സിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. സ്വന്തം പിതാവ് അബുബക്കര്‍ തന്നെയായിരുന്നു കഞ്ചാവ് കേസില്‍ കുടുക്കി നൗഫലിനെ ജയിലില്‍ ആക്കാനുള്ള തന്ത്രം പയറ്റിയത്. 



അബൂബക്കറിന് നൗഫലിനോട് കുടുംബപരമായ പ്രശ്‌നങ്ങളില്‍ വൈരാഗ്യം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ നൗഫലിനെ കേസില്‍ ഉള്‍പ്പെടുത്തി ജയിലാക്കുകയെന്നതായിരുന്നു ലക്ഷ്യം. അതിനായി അബൂബക്കറിന്റെ സുഹൃത്തായ ഔത എന്ന അബ്ദുള്ള, ജിന്‍സ് വര്‍ഗീസ്, അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക അന്തര്‍സന്ധ സ്വദേശിയായ ഒരാളും ചേര്‍ന്ന് ഗൂഢാലോചന നടത്തി ജിന്‍സ് വര്‍ഗീസിന്റെ ഓട്ടോറിക്ഷയില്‍ കഞ്ചാവ് എത്തിച്ച് നൗഫലിന്റെ പി.എ ബനാന എന്ന സ്ഥാപനത്തില്‍ കൊണ്ടുവെക്കുകയായിരുന്നു. 



ജിന്‍സ് വര്‍ഗീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം ഉദ്യോഗസ്ഥര്‍ മനസിലാക്കിയത്. പിടിയിലായ ജിന്‍സ് വര്‍ഗീസിനെ കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ ഹാജരാക്കി മാനന്തവാടി ജില്ല ജയിലില്‍ റിമാന്‍ഡ് ചെയ്തു. അബൂബക്കര്‍ അടക്കം മറ്റുപ്രതികകള്‍ക്കായുള്ള അന്വേഷണം എക്‌സൈസ് സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നൗഫലിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group