തലശേരി: ഒരു കൈയിൽ ചായ നിറച്ച കപ്പുമായി നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽ വഴുതി വീണ യാത്രക്കാരനെ മിന്നൽവേഗത്തിൽ രക്ഷിച്ച് റെയിൽവേ പോലീസ്.
ഇന്നലെ രാവിലെ തലശേരി റെയിൽവേ സ്റ്റേഷനിലാണ് ഒരു സെക്കൻഡുകൊണ്ട് വിലപ്പെട്ട ജീവൻ രക്ഷിച്ച് എഎസ്ഐ പി. ഉമേശൻ താരമായി മാറിയത്. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ആ നിമിഷം നവമാധ്യമങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ വൈറലായി.
കൊച്ചുവേളി -മുംബൈ എക്സ്പ്രസ് തലശേരിയിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിൽനിന്നു ചായ വാങ്ങുന്നതിനായി ഇറങ്ങിയ യാത്രക്കാരൻ തിരികെ ചായയുമായി കയറാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു.
യാത്രക്കാരൻ കയറുന്നതിനിടെ ട്രെയിനിന്റെ വേഗം കൂടി. ഒരു നിമിഷം കൊണ്ട് യാത്രക്കാരൻ ട്രെയിനിൽനിന്നു പുറത്തേക്കു തെറിച്ചു. സ്റ്റെപ്പിനടുത്തുള്ള കമ്പിയിൽ പിടിക്കാനുള്ള ശ്രമവും പാഴായി. ഇതോടെ പ്ലാറ്റ് ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീണു.
സെക്കൻഡുകൾക്കുള്ളിൽ മിന്നൽവേഗത്തിൽ എഎസ്ഐ ഉമേശൻ ട്രാക്കിലേക്കു വീഴുന്ന യാത്രക്കാരനിലേക്കു പാഞ്ഞടുത്തു, യാത്രക്കാരനെ വാരിയെടുത്ത്നെഞ്ചോട് ചേർത്തു പിടിച്ച് കാലുകൊണ്ടുവരിഞ്ഞുമുറുക്കി പ്ലാറ്റ് ഫോമിലേക്ക് മറിഞ്ഞുവീണു. എന്തും സംഭവിക്കാവുന്ന നിമിഷം.
പ്ലാറ്റ് ഫോമിലുണ്ടായിരുന്നവരിൽ പലരും തലയ്ക്കുകൈവച്ച് നിൽക്കവേ ആ യാത്രക്കാരന്റെ ജീവൻ തിരിച്ചുപിടിച്ച് എഎസ്ഐ ഉമേശൻ നിവർന്നു നിന്നു. സ്വന്തം ജീവൻ പോലും പണയം വച്ച് ആ പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ രക്ഷാപ്രവർത്തനം സമാനതകൾ ഇല്ലാത്തതായിരുന്നു.
അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട മുംബൈ സ്വദേശിയായ യാത്രക്കാരൻ നന്ദി പറയാൻ വാക്കുകൾ കിട്ടാതെ വിതുമ്പി. നിസാര പരിക്കുകളോടെ യാത്രക്കാരൻ പിന്നീടു വന്ന മംഗള എക്സ്പ്രസിനു യാത്ര തുടർന്നു.
ശ്രദ്ധയില്ലായ്മയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും അവഗണിക്കുന്ന താണ് യാത്രക്കാർ ട്രെയിനിനെ സമീപിക്കുന്നതാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്കു കാരണമെന്നു റെയിൽവേ പോലീസ് ചൂണ്ടിക്കാട്ടുന്നു.
Post a Comment